ജീവിത ഗുണനിലവാര സൂചികയിൽ ഒമാൻ ഏഷ്യയിൽ ഒന്നാമത്
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ക്രൗഡ്സോഴ്സ് ഡേറ്റാബേസായ നംബിയോ പുറത്തിറക്കിയ 2026ലെ ജീവിത ഗുണനിലവാര സൂചികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഒമാൻ സുൽത്താനേറ്റ്. റിപ്പോർട്ട് പ്രകാരം 2026ലെ ജീവിത ഗുണനിലവാര സൂചികയിൽ ഒമാൻ ഏഷ്യയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ നാലാം സ്ഥാനവും സ്വന്തമാക്കി. ലോകരാജ്യങ്ങൾക്കിടയിൽ നെതർലൻഡ്സാണ് ഒന്നാമത്.
ഡെൻമാർക്ക്, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്. സ്വിറ്റ്സർലൻഡ്, ജർമനി, നോർവെ തുടങ്ങിയ പ്രധാന വികസിത സമ്പദ് വ്യവസ്ഥകളെ മറികടന്ന് സുൽത്താനേറ്റ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ജീവിതയോഗ്യമായ രാജ്യങ്ങളിൽ ഇടംനേടുകയായിരുന്നു. പട്ടികയിൽ 207.6 എന്ന മികച്ച സ്കോറോടെയാണ് ഒമാൻ ഈ നേട്ടം സ്വന്തമാക്കിയത്. സൂചികയിൽ ജപ്പാൻ, സിംഗപ്പൂർ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കി ഏഷ്യൻ ഭൂഖണ്ഡത്തിൽ ഒമാൻ ഒന്നാമതായി.
ലോകത്തിലെ വിവിധ നഗരങ്ങളിലെയും രാജ്യങ്ങളിലെയും ജീവിത നിലവാരം അളക്കുന്നതിനായി ഉപയോക്താക്കളുടെ പങ്കാളിത്ത തോതിനെ മാനദണ്ഡമാക്കി വിലയിരുത്തുന്ന ഏറ്റവും വലിയ ആഗോള ഡേറ്റാബേസാണ് നംബിയോ ഇൻഡക്സ്. സുരക്ഷ, സുരക്ഷിതത്വം, വരുമാനവും ജീവിതച്ചെലവും തമ്മിലെ അനുപാതം, ആരോഗ്യ സേവനങ്ങളുടെ നിലവാരം, പരിസ്ഥിതി -അന്തരീക്ഷ നിലവാരം, ഗതാഗത നിലവാരം, അടിസ്ഥാന സൗകര്യത്തിന്റെ വ്യാപ്തി, മലീനീകരണതോത് എന്നിവ ഉൾപ്പെടുന്ന പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മൂല്യനിർണയം നടത്തുന്നത്.
‘നംബിയോ’യുടെ 2025 മധ്യ വർഷ റിപ്പോർട്ടിൽ ഏഷ്യയിലും മിഡിലീസ്റ്റ് മേഖലയിലും ഒമാൻ ഒന്നാം സ്ഥാനം നേടിയിരുന്നു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കും അഭിപ്രായ വോട്ടെടുപ്പുകൾക്കും താമസക്കാരുടെയും പൗരന്മാരുടെയും വ്യക്തിഗത വിലയിരുത്തലിനും ഉൾപ്പെടുത്തിയാണ് സൂചിക തയാറാക്കുന്നത്. പുതിയ റിപ്പോർട്ടിൽ കുറഞ്ഞ മലിനീകരണം, മികച്ച ഗതാഗത സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവയിലും ഒമാൻ ഉന്നത നിലവാരം പുലർത്തുന്നു. കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട നംബിയോ വേൾഡ് എയർ ക്വാളിറ്റി സൂചികയിലും ഒമാൻ മുന്നിലാണ്. ഏഷ്യയിൽ രണ്ടാമതാണ് ഒമാൻ. സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്.
2025 ആദ്യ പകുതിയിലെ നംബിയോ ഗ്ലോബൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവിത ഗുണനിലവാര സൂചികയിൽ ഏഷ്യ- മിഡിലീസ്റ്റ് മേഖലയിൽ ഒമാൻ ഒന്നാതെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

