ജീവിത ചെലവ് വർധിക്കും ; ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ ഉയർത്തി
text_fieldsമസ്കത്ത്: ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു. സബ്സിഡികൾ അർഹരായ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തണമെന്ന സാമ്പത്തിക പരിഷ്കരണ പദ്ധതിയിലെ നിർദേശപ്രകാരമാണ് നിരക്ക് വർധന. ജനുവരി ഒന്ന് മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുകയെന്ന് ഉൗർജ മന്ത്രിയും പബ്ലിക് സർവിസ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടറുമായ മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയുടെ ഉത്തരവിൽ പറയുന്നു. ഒാരോ വർഷവും നിരക്ക് വർധന ഉണ്ടാകും. വിദേശികളുടെ താമസയിടങ്ങളിലെ വൈദ്യുതി സബ്സിഡി 2023ഒാടെയും ജല സബ്സിഡി 2024ഒാടെയും പൂർണമായി ഒഴിവാക്കാനാണ് പദ്ധതി. ഇൗ മേഖലയിലെ എല്ലാ സബ്സിഡികളും 2025ഒാടെയാണ് പൂർണമായി ഒഴിവാകുക.
വിദേശികളുടെ താമസയിടങ്ങളിൽ പ്രതിമാസം 500 കിലോവാട്ട് വരെയാണ് വൈദ്യുതി ഉപയോഗമെങ്കിൽ യൂനിറ്റ് ഒന്നിന് 20 ബൈസ വീതവും 501 മുതൽ 1500 വരെയാണെങ്കിൽ 25 ബൈസ വീതവും 1500ന് മുകളിലാണെങ്കിൽ 30 ബൈസ വീതവുമായിരിക്കും പുതുക്കിയ നിരക്ക്.
സ്വദേശികളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾക്ക് യഥാക്രമം യൂനിറ്റ് ഒന്നിന് 15, 20, 30 ബൈസ എന്ന ക്രമത്തിലാണ് നിരക്ക്. രണ്ടിൽ കൂടുതൽ അക്കൗണ്ടുകളുള്ളവർ അധികമുള്ളവക്ക് വിദേശികളുടെ നിരക്ക് അടക്കണം.
വർഷത്തിൽ നൂറ് മെഗാവാട്ടിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹികതേര ഉപഭോക്താക്കൾ അല്ലാത്തവർക്ക് സി.ആർ.ടി (കോസ്റ്റ് റിഫ്ലക്ടിവ് താരിഫ്) ബാധകമായിരിക്കും. ഇൗ വിഭാഗക്കാരിൽനിന്ന് വൈദ്യുതി ഉപഭോഗം കുറവുള്ള സമയങ്ങളിൽ കുറഞ്ഞ നിരക്കും കൂടിയ സമയങ്ങളിൽ ഉയർന്ന നിരക്കുമാണ് ഇൗടാക്കുക. വൈദ്യുതി ഉൽപാദനം, വിതരണം തുടങ്ങിയവക്കുള്ള ചെലവുകൾ ഉൾപ്പെടുത്തിയാണ് ഇൗ വിഭാഗത്തിലെ നിരക്കുകൾ ക്രമീകരിച്ചിട്ടുള്ളത്.
വർഷത്തിൽ നൂറ് മെഗാവാട്ടിൽ താഴെ ഉപയോഗിക്കുന്ന ഗാർഹികതേര ഉപഭോക്താക്കളുടെ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഇവർ ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെയും ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയും സമയത്ത് കിലോവാട്ടിന് 21 ബൈസ വീതവും മേയ് ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള വേനൽകാലത്ത് കിലോവാട്ടിന് 29 ബൈസ വീതവുമാണ് അടക്കേണ്ടത്. കാർഷിക-ഫിഷറീസ് മേഖലയിൽ 3000 യൂനിറ്റ് വരെ കിലോവാട്ടിന് 12 ബൈസയായും ആറായിരം വരെ 16 ബൈസയായും ആറായിരത്തിന് മുകളിൽ 24 ബൈസയുമായും നിരക്ക് ഏകീകരിച്ചിട്ടുണ്ട്.
എല്ലാ ഗാർഹിേകതര ഉപഭോക്താക്കൾക്കും ഗാലണിന് 4.5 ബൈസ, ക്യുബിക്ക് മീറ്ററിന് 990 ബൈസ എന്നീ തോതിലായിരിക്കും പുതുക്കിയ നിരക്ക്. വിദേശികളുടെ താമസയിടങ്ങളിൽ ഗാലണിന് 3 ബൈസ, ക്യുബിക്ക് മീറ്ററിന് 660 ബൈസ എന്നിങ്ങനെ നൽകണം. സ്വദേശികൾക്ക് രണ്ട് അക്കൗണ്ട് വരെ ഗാലണിന് 2.5 ബൈസ, ക്യുബിക്ക് മീറ്ററിന് 550 ബൈസ എന്നിങ്ങനെയും അടക്കണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്വദേശികളെ സബ്സിഡി ഒഴിവാക്കൽ ബാധിക്കാതിരിക്കുന്നതിനായി നാഷനൽ സബ്സിഡി സംവിധാനത്തിൽ വൈദ്യുതിയും ജലവും ഉൾപ്പെടുത്തും. നിലവിൽ ഇന്ധന സബ്സിഡി മാത്രമാണ് നാഷനൽ സബ്സിഡി സംവിധാനം വഴി നൽകുന്നത്. വൈദ്യുതി, ജല വിതരണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിന് പുറമെ ഗാർഹിക, വ്യവസായിക, കാർഷിക മേഖലകളിലെയടക്കം ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയും ഇതുവരെ നൽകി വന്നിരുന്നു. ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് സർക്കാറിെൻറ സാമ്പത്തിക ഭാരവും വർധിക്കുന്നത് കണക്കിലെടുത്താണ് സബ്സിഡി ഒഴിവാക്കുന്നതിനായുള്ള തീരുമാനം. ഗാർഹിക മേഖലയിലെ വൈദ്യുതി നിരക്കുകൾക്ക് 1987ന് ശേഷം മാറ്റം വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

