റോഡപകടങ്ങളിൽപെട്ടവരുടെ ദൃശ്യങ്ങൾ പങ്കുവെക്കരുതെന്ന് ഒമാൻ പൊലീസ്
text_fieldsമസ്‌കത്ത്: റോഡ് അപകടങ്ങൾ സംഭവിച്ചിടങ്ങളിൽ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയില്‍ പങ്കുവെക്കുന്നത് ശിക്ഷാ നടപടികൾക്കിടയാക്കുമെന്ന് റോയൽ ഒമാൻ പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അടുത്തിടെ അൽ വുസ്ത ഗവർണറേറ്റിലെ അൽ ദുകം വിലായത്തിൽ നടന്ന അപകടത്തിൽപെട്ടവരുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന്റെ പേരിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഇതിനെ തുടർന്നാണ് റോയൽ ഒമാൻ പൊലീസ് നിയമനടപടികളെ കുറിച്ച് പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയത്. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകാര്യതയുടെയും പൊതു മര്യാദയുടെയും ലംഘനമാണെന്നും അപകടത്തിൽപെട്ടവരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും പൊലീസ് ഓർമിപ്പിച്ചു.
ഔദ്യോഗികമായ വിവരം ലഭിക്കുന്നതിന് മുമ്പ്, പരിക്കേറ്റവരുടെ ദൃശ്യങ്ങൾ കണ്ട് തങ്ങളുടെ ഉറ്റവർ മരണപ്പെട്ടതായി കുടുംബങ്ങൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
കുറ്റകൃത്യങ്ങളുടെയും റോഡപകടങ്ങളും സംഭവിച്ചാൽ അവിടെ രക്ഷാപ്രവർത്തനത്തിലേർപ്പെടുന്നതിന് പകരം ഫോട്ടോകളും വിഡിയോകളും പകർത്താൻ ശ്രമിക്കുന്നത് കുറ്റകരമായി കണക്കാക്കുന്ന നിയമം ഒമാൻ സർക്കാർ അവതരിപ്പിച്ചിരുന്നു. അപകടങ്ങൾ നടന്നാൽ അവിടെ വാഹനം നിർത്തി ഇരകളെ സഹായിക്കുന്നതിന് പകരം ഫോട്ടോയും വിഡിയോയും പകർത്തുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

