ലോക ഫത്‌വ കോൺഫറൻസിൽ പങ്കെടുത്ത് ഒമാൻ
text_fieldsകെയ്‌റോ/ മസ്കത്ത്: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ നടന്ന പതിനൊന്നാമത് അന്താരാഷ്ട്ര ഫത്‌വ കോൺഫറൻസിൽ പങ്കെടുത്ത് ഒമാൻ. ഗ്രാൻഡ് മുഫ്തിയുടെ ഓഫിസിനെ പ്രതിനിധീകരിച്ച് ഒമാൻ ഇഫ്താ ഓഫിസ് ജനറൽ സെക്രട്ടറി അഹമ്മദ് ബിൻ സൗദ് അൽ സിയാബിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് യോഗത്തിൽ സംബന്ധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഇസ്‍ലാമിക ചിന്തകർ, ഗവേഷകർ, പണ്ഡിതന്മാർ, മുഫ്തിമാർ എന്നിവർ സമ്മേളനത്തിൽ ഒത്തുചേർന്നു.
‘വലിയ മാറ്റങ്ങൾക്കിടയിലെ കുടുംബം നേരിടുന്ന വെല്ലുവിളികൾ: കുടുംബ സംരക്ഷണത്തിനും ഇസ്‍ലാമിക വ്യക്തിത്വം നിലനിർത്തുന്നതിനുമുള്ള ഫത്‌വ സമീപനം’ എന്നതായിരുന്നു ഇത്തവണത്തെ കോൺഫറൻസിന്റെ പ്രമേയം. നിലവിലെ അതിവേഗ സാമൂഹിക, സാമ്പത്തിക, സാങ്കേതിക വളർച്ചകൾക്കിടയിൽ മുസ്‍ലിം കുടുംബങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച അഹമ്മദ് ബിൻ സൗദ് അൽ സിയാബി വിശദീകരിച്ചു. കുടുംബങ്ങളുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഇസ്‍ലാമിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും കർമശാസ്ത്ര വിധികൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അറബ്-ഇസ്‍ലാമിക സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള ഒമാന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

