ഗൾഫ് ബീച്ച് ഗെയിംസ്: ഒമാൻ ഓവറോൾ ചാമ്പ്യന്മാർ
text_fieldsഗൾഫ് ബീച്ച് ഗെയിംസിന്റെ മെഡൽവിതരണ ചടങ്ങിൽനിന്ന്
മസ്കത്ത്: മസ്കത്തിൽ നടന്ന മൂന്നാമത് ഗൾഫ് ബീച്ച് ഗെയിംസിൽ ഒമാൻ ഓവറോൾ ചാമ്പ്യന്മാരായി. വിവിധ ഇനങ്ങളിൽ അസാധാരണ പ്രകടനമാണ് ഒമാൻ താരങ്ങൾ നടത്തിയത്. 20 സ്വർണം, 18 വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെ ആകെ 45 മെഡലുകളാണ് സുൽത്താനേറ്റ് കരസ്ഥമാക്കിയത്.
എട്ട് സ്വർണം, എട്ട് വെള്ളി, ആറു വെങ്കലം ഉൾപ്പെടെ 22 മെഡലുകൾ നേടി യുനൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ടാം സ്ഥാനത്തും നാല് സ്വർണം, ആറ് വെള്ളി, എട്ട് വെങ്കലം ഉൾപ്പെടെ 18 മെഡലുകളുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമെത്തി. ബീച്ച് സോക്കറിൽ തകർപ്പൻ പ്രകടനവുമായാണ് സുൽത്താനേറ്റ് സ്വർണമണിഞ്ഞത്.
സൗദി അറേബ്യയെ 7-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സ്വർണം സ്വന്തമാക്കിയത്. കുവൈത്തിനെതിരായ അവസാന മത്സരത്തിൽ 5-1ന് വിജയിച്ച യു.എ.ഇ വെള്ളിയും സൗദി അറേബ്യ വെങ്കല മെഡലും നേടി.നീന്തലിൽ, ഒമാൻ ടീം അഞ്ച് കിലോമീറ്റർ ടീം ഓട്ടത്തിൽ സ്വർണം നേടി. സൗദി ടീം രണ്ടാം സ്ഥാനത്തും ബഹ്റൈൻ മൂന്നാം സ്ഥാനത്തുമെത്തി. വ്യക്തിഗത അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ സൗദി നീന്തൽ താരം മുഹമ്മദ് അൽ-സാക്കി സ്വർണമണിഞ്ഞു. ഒമാനി നീന്തൽക്കാരായ അയ്മാൻ അൽ-ഖാസിമിയും നിദാൽ അൽ-ഹരാസിയും യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ഒമാന്റെ സെയിലിങ് ടീമും ശക്തമായ പ്രകടനം കാഴ്ചവെച്ചത് വിവിധ ഇനങ്ങളിലായി ആകെ ഏഴ് മെഡലുകൾ നേടി. ഒപ്റ്റിമിസ്റ്റ് ബോട്ട് വിഭാഗത്തിന്റെ പൊതു വിഭാഗത്തിൽ, ഒമാനി സെയിലർ ഷമാഖി വെള്ളി നേടി, സഹതാരം തർതീൽ അൽ ഹസനിയ വെങ്കലം നേടി. ഒന്നാം സ്ഥാനം ഇമാറാത്തി നാവികൻ ഖലീഫ അൽ റുമൈത്തി നേടി. പെൺകുട്ടികളുടെ ഒപ്റ്റിമിസ്റ്റ് വിഭാഗത്തിൽ തർതീൽ അൽ ഹസനിയ സ്വർണം നേടി, ബഹ്റൈനി മലക് അൽ ദോസാരി രണ്ടാം സ്ഥാനത്തും എമിറാത്തി മദിയ അൽ നെയാദി മൂന്നാം സ്ഥാനത്തുമെത്തി. ജൂനിയർ ഒപ്റ്റിമിസ്റ്റ് വിഭാഗത്തിൽ ഒമാന്റെ മുഹമ്മദ് അൽ ഖാസിമി വെള്ളി നേടി. യു.എ.ഇയുടെ സായിദ് അൽ ഹൊസാനി വെള്ളിയും ഖത്തറിന്റെ തമീം ഖാലിദ് വെങ്കലം കരസ്ഥമാക്കി.
വനിതകളുടെ ഐ.എൽ.സി.എ 4 വിഭാഗത്തിൽ ഇമാറാത്തി താരം മർവ അൽ ഹമ്മദി സ്വർണം നേടി. സഹതാരം അൽയാസി അൽ ഹമ്മദി വെള്ളിയും ബഹ്റൈന്റെ ആമിന അൽ സാദിഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷൻമാരുടെ ഐ.എൽ.സി.എ 4 മത്സരത്തിൽ ഒമാന്റെ അബ്ദുൽ ലത്തീഫ് അൽ ഖാസിമിയാണ് സ്വർണമണിഞ്ഞത്. യു.എ.ഇയുടെ മുഹമ്മദ് അൽ മർസൂഖിയും ബഹ്റൈനിന്റെ ഖലീഫ അൽ ദോസാരിയും യഥാക്രമം വെള്ളിയും വെങ്കലവും നേടി.
പെൺകുട്ടികളുടെ ഐ.എൽ.സി.എ 6 വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇമാറാത്തിതാരം ദുഹ അൽ ബിഷർ, കവൈത്തിന്റെ ആമിന അബ്ദുല്ല, യു.എ.ഇയുടെ കാമെലിയ ഖലീഫ എന്നിവർ യഥാക്രമം ആദ്യമൂന്ന് സ്ഥാനങ്ങളിലെത്തി. ആൺകുട്ടികളുടെ ഐ.എൽ.സി എ 6 ൽ ഇമാറാത്തിയുടെ ഉസ്മാൻ അൽ ഹമ്മദി സ്വർണം നേടി. ബഹ്റൈന്റെ ദാവൂദ് അബ്ദുല്ല വെള്ളിയും ഒമാന്റെ മൊഅതസെം അൽ ഫാർസി വെങ്കലവും നേടി. ആൺകുട്ടികളുടെ ഐ.എൽ.സി.എ 7 ഇനത്തിൽ ഒമാന്റെ ഹസൻ അൽ ജബേരി സ്വർണം സ്വന്തമാക്കി. യു.എ.ഇയുടെ ആദിൽ അൽ ബാസ്ക്തി രണ്ടാം സ്ഥാനത്തും ബഹ്റൈന്റെ അഹ്മദ് സാദിഖ് മൂന്നാം സ്ഥാനത്തുമെത്തി.
ആറ് ദിവസങ്ങളിലായാണ് ഗൾഫ് ബീച്ച് ഗെയിംസ് അരങ്ങേറിയത്. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങളാണ് പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.