ന്യൂനമർദം: ദോഫാറിൽ കനത്ത മഴ
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ദോഫാർ ഗവർണറേറ്റിെൻറ കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴ. ഭൂരിഭാഗം തീരപ്രദേശത്തും മരുഭൂ പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴ പെയ്തു. ചിലയിടങ്ങളിൽ കനത്ത മഴയാണ് പെയ്തത്. സലാല നഗരത്തിൽ ഞായറാഴ്ച പുലർച്ച ശക്തമായ മഴ പെയ്തു. ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വാദിയിൽ വാഹനം കുടുങ്ങിയതിനെ തുടർന്ന് അപകടത്തിൽ പെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ് രക്ഷിച്ചു. മിർബാത്തിൽ കനത്ത മഴയാണ് പെയ്തത്.
ഇവിടെ വെള്ളക്കെട്ടിൽ വാഹനം കുടുങ്ങിയയാളെയും രക്ഷിച്ചു. കല്ലുകളും മണ്ണുകളും ഇടിഞ്ഞുവീണതിനെ തുടർന്ന് താവി അതെയറിലേക്കുള്ള റോഡിൽ ഗതാഗതം നിലച്ചു. അധികൃതർ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. പൈപ്പ്ലൈനുകൾക്ക് കേടുപാട് സംഭവിച്ചതിനെ തുടർന്ന് മിർബാത്തിെൻറ പലയിടങ്ങളിലും ജലവിതരണവും മുടങ്ങി. തിങ്കളാഴ്ചയും കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മരുഭൂ പ്രദേശങ്ങളിൽ ശക്തമായ കാറ്റിെൻറ അകമ്പടിയോടെയാണ് മഴയെത്തിയത്.