മസ്കത്ത്: ഒമാൻ കൃഷിക്കൂട്ടത്തിെൻറ വിത്തുവിതരണവും സൗഹൃദസംഗമവും ഖുറം റോസ് ഗാർ ഡനിൽ നടന്നു. ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കൃഷിയിൽ താൽപര്യമുള്ള ഏകദേശം നാനൂറോളം അംഗങ്ങൾ പങ്കെടുത്തു. കേരള സർക്കാർ വിതരണം ചെയ്യുന്ന വിത്തുകളും ശീതകാല പച്ചക്കറി വിത്തുകളും അത്യുൽപാദന ശേഷിയുള്ള വിത്തുകളുമടക്കം അറുപതോളം ഇനത്തിലുള്ള വിത്തുകൾ, മുളപ്പിച്ച തൈകൾ, കമ്പുകൾ, മത്സ്യക്കുഞ്ഞുങ്ങളെവരെ വിതരണത്തിന് തയാറാക്കിയിരുന്നു.
കൃഷിക്കായി മണ്ണൊരുക്കേണ്ട വിധം, വിത്തുകൾ മുളപ്പിക്കുന്ന വിധം, കീടങ്ങളെ പ്രതിരോധിക്കുന്നതെങ്ങനെ എന്നിങ്ങനെയുള്ള സംശയനിവാരണവും നടന്നു. ഒമാൻ കൃഷിക്കൂട്ടം സാരഥികളായ സുനി ശ്യാം, സപ്ന അനു ബി. ജോർജ്, ഷഹനാസ് അഷ്റഫ്,സന്തോഷ് വർഗീസ്, ഷൈജു, വിനോദ്, അൻവർ സുരേഷ് കർത്താ എന്നിവർ വിത്തുവിതരണത്തിന് നേതൃത്വം നൽകി.പ്രവാസത്തിെൻറ പരിമിതികൾക്കുള്ളിലും സ്വന്തമായി അടുക്കളത്തോട്ടം എന്ന ആശയത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഒമാൻ കൃഷിക്കൂട്ടം. 2014ൽ തുടങ്ങിയതുമുതൽ കൃഷിക്കാവശ്യമായ വിത്തുകൾ ഒമാൻ കൃഷിക്കൂട്ടം സൗജന്യമായി വിതരണം ചെയ്തുവരുന്നു.