ലോക്ഡൗൺ: രാത്രി കാൽനട യാത്രയും അനുവദിക്കില്ല –ആർ.ഒ.പി
text_fieldsമസ്കത്ത്: ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ച ആറുവരെ ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഒാപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ ആസ്മി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാത്രി കാൽനടയാത്രയും അനുവദനീയമായിരിക്കില്ല. ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് നൂറ് റിയാലാണ് പിഴ ചുമത്തുക. കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മുതൽ പ്രവർത്തിക്കാൻ പാടുള്ളതല്ല. സ്ഥാപനങ്ങൾ അടച്ച് ഏഴുമണിക്ക് മുമ്പ് താമസ സ്ഥലങ്ങളിൽ എത്തുന്ന രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.
ആഗസ്റ്റ് എട്ടുവരെയുള്ള ലോക്ഡൗൺ കാലയളവിൽ ഗവർണറേറ്റുകൾക്കിടയിലുള്ള സഞ്ചാരത്തിന് ഒരുതരത്തിലുള്ള ഇളവും നിലവിലുണ്ടായിരിക്കില്ല. ഗവർണറേറ്റുകൾക്കിടയിൽ ആർ.ഒ.പിയുടെയും സുൽത്താൻ സായുധസേനയുടെയും ചെക്ക്പോയൻറുകൾ ഉണ്ടായിരിക്കും. ആരോഗ്യ സ്ഥാപനങ്ങളിലെ മുൻകൂർ അപ്പോയിൻമെൻറുകൾ ഉള്ളവരെ മാത്രമാകും ഗവർണറേറ്റുകൾക്കിടയിലെ യാത്രക്ക് അനുവദിക്കുക. ഇതിനായി അപ്പോയിൻമെൻറ് ലഭിച്ച സന്ദേശം ചെക്ക്പോയൻറുകളിൽ കാണിക്കണമെന്നും ബ്രിഗേഡിയർ സൈദ് അൽ ആസ്മി പറഞ്ഞു. രോഗബാധ കുറക്കൽ എല്ലാവരുടെയും ഉത്തരവാദിത്തമായി കണക്കാക്കി ജനങ്ങൾ നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.