ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ജൂലൈ 25 ശനിയാഴ്ച രാത്രി ഏഴു മുതലാണ് ലോക്ഡൗൺ ആരംഭിക്കുക. ആഗസ്റ്റ് എട്ട് ശനിയാഴ്ച വരെയുള്ള രണ്ടാഴ്ചത്തേക്കാണ് ഗവർണറേറ്റുകൾ അടച്ചിടുകയെന്ന് സുപ്രീം കമ്മിറ്റി ബുധനാഴ്ച ഒമാൻ ടെലിവിഷൻ വഴി നടത്തിയ വിശദീകരണ പ്രസ്താവനയിൽ അറിയിച്ചു. ലോക്ഡൗൺ കാലയളവിൽ എല്ലാ ദിവസവും രാത്രി ഏഴു മുതൽ പുലർച്ചെ ആറു വരെ സഞ്ചാരവിലക്ക് നിലവിലുണ്ടാകും. കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മുതൽ പുലർച്ചെ ആറു വരെ അടച്ചിടണം. ഇതോടൊപ്പം രാജ്യത്തെ പ്രധാന ചെക്ക്പോയൻറുകളും പുനഃസ്ഥാപിക്കും. മസ്കത്തിൽ മത്ര, ഹമരിയ മേഖലകളിലായി ഉണ്ടായിരുന്ന മൂന്ന് ചെക്ക്പോയൻറുകളും ശനിയാഴ്ച മുതൽ നിലവിൽ വരും. ഇൗ ചെക്ക്പോയൻറുകൾ കടക്കാൻ നേരത്തേയുണ്ടായിരുന്നത് പോലെ കമ്പനി തിരിച്ചറിയൽ കാർഡ്/ കത്ത് തുടങ്ങിയവ വേണ്ടി വന്നേക്കും.
ലോക്ഡൗണിന് മുന്നോടിയായി എല്ലാ ഗവർണറേറ്റുകളിലെയും ഭക്ഷണ സാധനങ്ങളുടെയും ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വ്യവസായ വാണിജ്യ മന്ത്രാലയം കച്ചവടക്കാരുടെ യോഗം വിളിച്ചുചേർത്തു. വിപണിയിൽ സാധനങ്ങളുടെ ലഭ്യത കുറവില്ലെന്നും ആളുകൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂേട്ടണ്ട ആവശ്യമില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളും പ്രാദേശിക കമ്പനികളും വിതരണക്കാരുമായി ചേർന്ന് എല്ലാ ഗവർണറേറ്റുകളിലും ഭക്ഷണ സാധനങ്ങൾ അടക്കമുള്ളവയുടെ ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആളുകൾക്ക് പരിഭ്രാന്തി വേണ്ടെന്നും എല്ലാ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുബാറക് അൽ ദുഹാനി പറഞ്ഞു. പെരുന്നാൾ അവധിയടക്കം ഉൾപ്പെടുന്ന ലോക്ഡൗൺ സമയത്ത് ഭക്ഷണ സാധനങ്ങൾ, ഉപഭോക്തൃ ഉൽപന്നങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാൻ ഒമാൻ ചേംബർ ഒാഫ് കോമേഴ്സും ബന്ധപ്പെട്ട കമ്പനികളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
