ഭൂമാഫിയ ലക്ഷങ്ങൾ തട്ടിയ കേസ്: പ്രവാസിയുടെ നീതിക്കായുള്ള കാത്തിരിപ്പ് നീളുന്നു
text_fieldsസര്‍ക്കാര്‍ ഭൂമി സ്വകാര്യ ഭൂമിയാണെന്നനിലയില് രേഖകൾ നൽകി ഉദ്യോഗസ്ഥർ കബളിപ്പിച്ചു •കോഴിക്കോട് അത്തോളി മുടക്കല്ലൂർ സത്യനാണ് പരാതിക്കാരൻ
മസ്കത്ത്: ഭൂമാഫിയയുടെ കബളിപ്പിക്കലിന് ഇരയായി ലക്ഷങ്ങൾ നഷ്ടമായ പ്രവാസിയുടെ നീതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. മസ്കത്തില് ജോലി ചെയ്യുന്ന കോഴിക്കോട് അത്തോളി മുടക്കല്ലൂർ നടുത്തലക്കല്‍ സത്യനാണ് 10 വർഷമായി നിയമയുദ്ധം നടത്തുന്നത്. പേരാമ്പ്ര കോടതിയുടെ പരിഗണനയിലുള്ള കേസിൽ എട്ട് പ്രതികളാണുള്ളത്. ആദ്യ എഫ്.ഐ.ആറില്‍ പേരുവരാതിരുന്ന രണ്ടുപേരെ കൂടി പ്രതിചേര്‍ത്ത് കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സത്യൻ 2015ൽ പേരാമ്പ്ര കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം തുടരന്വേഷണം നടത്തിയ അത്തോളി പൊലീസ് തെളിവില്ലെന്ന് പറഞ്ഞ് കേസ് മടക്കി. ഇതിനെതിരെ സത്യൻ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുകയാണ്. രണ്ടുപേരെ കൂടി പ്രതിചേർക്കണമെന്ന കേസ് ഹൈകോടതിയിലുള്ളതിനാൽ പേരാമ്പ്ര കോടതിയിലെ വിചാരണ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ഇതിനിടെ സത്യെൻറ പരാതിയിലെ ഏഴാം പ്രതിയെ മറ്റൊരു കൈക്കൂലി കേസിൽ കോഴിക്കോട് വിജിലൻസ് കോടതി ഏഴുവർഷം തടവും 5.05 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
2008 മേയിലാണ് നാട്ടിലുള്ള സഹോദരന് രാജന് മുഖേന എല്‍ദോ തോമസ് എന്നയാളില്‍നിന്ന് സത്യന് സെൻറിന് 5,400 രൂപ നിരക്കില്‍ 3.4 ഏക്കര്‍ ഭൂമി വാങ്ങുന്നത്. മൊത്തം 16 ലക്ഷം രൂപയാണ് അന്ന് ഭൂമിക്ക് നല്‍കിയത്. അന്നത്തെ വില്ലേജ് ഓഫിസര്‍, നടുവണ്ണൂര്‍ സബ് രജിസ്ട്രാർ എന്നിവര്‍ അടങ്ങിയവരാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഭൂമിയാണെന്ന നിലയില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കുടിക്കട സര്‍ട്ടിഫിക്കറ്റും നല്‍കിയത്. ദിവസങ്ങള്‍ക്കു ശേഷം നികുതി പുതുക്കാന്‍ കൈവശരേഖ നല്കിയ നടുവണ്ണൂര്‍ രജിസ്ട്രാര്‍ ഒാഫിസില്‍ ചെന്നപ്പോഴാണ് ഭൂമി തട്ടിപ്പ് പുറത്ത് വരുന്നത്. എല്‍ദോ തോമസിന് വില്ലേജിൽ 3.4 ഏക്കര്‍ ഭൂമിയില്ലെന്ന് അറിഞ്ഞതോടെ ലക്ഷങ്ങള്‍ ചെലവിട്ട് ഭൂമി റീസര്‍വേ ചെയ്യുകയായിരുെന്നന്ന് സത്യന് പറയുന്നു. റീസർവേ നടപടിക്കൊടുവില്‍ 1.12 ഏക്കര്‍ സ്ഥലം മാത്രമാണ് എല്‍ദോയുടെ കൈവശമുള്ളതെന്ന് കണ്ടെത്തി. അന്ന് മധ്യസ്ഥര്‍ മുഖേന ബാക്കി 10 ലക്ഷം രൂപ തരാമെന്ന് കരാറുണ്ടാക്കിയെങ്കിലും അതു നല്‍കാത്തതിനെ തുടര്‍ന്നാണ് 2010ല്‍ പരാതി നല്‍കുന്നത്.
അന്നത്തെ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയാണ് കേസ് അന്വേഷിച്ച് കോടതിയിലെത്തിച്ചത്. പിന്നീട് അധികൃതരുടെ ഭാഗത്ത് നിന്ന് ചലനങ്ങളൊന്നുമില്ലാതെ വന്നപ്പോള്‍ മുഖ്യമന്ത്രി മുതല്‍ ജില്ല കലക്ടര്‍ വരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു അനക്കവുമുണ്ടായില്ല. പിണറായി വിജയന്, രമേശ് ചെന്നിത്തല, കെ.ടി. ജലീല്‍, പരേതനായ ഇ. അഹമ്മദ്, കെ.സി. വേണുഗോപാല്‍, വയലാര്‍ രവി എന്നിവര്‍ക്ക് തെളിവുകള്‍ സഹിതം നേരിട്ട് പരാതി നല്‍കിയിരുന്നു.
പ്രതികളെല്ലാം രാഷ്ട്രീയ സ്വാധീനമുള്ളവരായതിനാൽ ഇതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിക്കുന്നതും കൂടുതൽ പേരെ പ്രതിചേർത്ത് തുടരന്വേഷണം നടത്താൻ ഉത്തരവിടുന്നതും. തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പേരാമ്പ്ര കോടതിയിൽനിലവിലുള്ള കേസിലെ ഏഴാം പ്രതി ബീനയെയാണ് മറ്റൊരു കൈക്കൂലി കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ചത്.
2008ൽ വസ്തുവാങ്ങുന്ന സമയം നടുവണ്ണൂർ സബ്രജിസ്ട്രാർ ഒാഫിസിലെ ഇവരാണ് തനിക്ക് ബാധ്യതാ സർട്ടിഫിക്കറ്റ് തന്നതെന്ന് സത്യൻ പറഞ്ഞു. അതിനാലാണ് ഇവരെ ആദ്യ എഫ്.െഎ.ആറിൽ ഏഴാം പ്രതിയായി ഉൾപ്പെടുത്തിയത്. കോഴിക്കോട് ആധാരമെഴുത്തുകാരനായ ഭാസ്കരൻ നായർ നൽകിയ പരാതിയിലാണ് ബീനയെ വിജിലൻസ് കോടതി ശിക്ഷിച്ചത്. ബീനയുടെ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലാണ്. ഇൗ കൈക്കൂലി കേസിൽ പങ്കുചേരുന്നതിനുള്ള സാധ്യതകൾ അന്വേഷിച്ച് വരുകയാണെന്നും സത്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
