ഒമാനിൽ സന്ദർശക വിസയിലുള്ളവർ ഓൺലൈനിൽ പുതുക്കണം
text_fieldsമസ്കത്ത്: സന്ദർശക/എക്സ്പ്രസ് വിസകളിൽ എത്തി ഒമാനിൽ കുടുങ്ങിക്കിടക്കുന്നവർ വിസ കാലാവധി പുതുക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബുധനാഴ്ച മുതൽ ഒാൺലൈനിൽ വിസ പുതുക്കാൻ സൗകര്യമുണ്ടാകും. ഇതിന് സാധാരണ വിസ കാലാവധി പുതുക്കുന്നതിനുള്ള ഫീസ് നൽകണം. വിസ പുതുക്കുന്നതിന് ആരും റോയൽ ഒമാൻ പൊലീസിെൻറ സേവനകേന്ദ്രത്തിൽ വരേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരുടെ വിസകൾ ജൂൺ 30 വരെ സൗജന്യമായി പുതുക്കിനൽകിയിരുന്നു.
ഇൗ മാർച്ച് ഒന്നു മുതൽ ആഗസ്റ്റ് 31 വരെ അനുവദിച്ച ടൂറിസ്റ്റ് വിസകൾ സ്വന്തമാക്കുകയും എന്നാൽ, രാജ്യത്ത് പ്രവേശിക്കാൻ സാധിക്കാതിരിക്കുകയും ചെയ്തവർ അടുത്ത വർഷം മാർച്ച് 31നു മുമ്പ് രാജ്യത്ത് എത്തിയാൽ മതി. ഇങ്ങനെ വിസ കാലാവധി നീട്ടിക്കിട്ടുന്നതിന് ഒമാനിലുള്ള ചുമതലപ്പെട്ടവർ ആർ.ഒ.പി സേവനകേന്ദ്രത്തിൽ എത്തണം. അവരവരുടെ മാതൃരാജ്യങ്ങളിൽ പഠിക്കുന്ന ഒമാനിലുള്ള പ്രവാസി മാതാപിതാക്കളുടെ മക്കളുടെ വിസ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് കുട്ടികൾക്കോ രക്ഷാകർത്താക്കൾക്കോ ഒാൺലൈനിൽ പുതുക്കാം.
ഇതുസംബന്ധിച്ച നടപടികൾ നടക്കുന്നുണ്ട്. മാതൃരാജ്യത്തിൽ അല്ലാതെ മറ്റിടങ്ങളിൽ പഠിക്കുന്ന വിദേശികളുടെ കുട്ടികൾ ഒമാനിലേക്ക് തിരിച്ചുവരാൻ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നതുവരെ കാത്തിരിക്കണം. ഇവരുടെ കാലാവധി കഴിഞ്ഞ വിസകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സമയമാകുേമ്പാൾ അറിയിക്കുമെന്നും ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ജൂൺ 30 വരെ സൗജന്യമായി സന്ദർശക വിസ പുതുക്കിനൽകിയ ഒമാെൻറ നടപടി ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന മലയാളികളടക്കം ആയിരക്കണക്കിന് വിദേശികൾക്ക് ആശ്വാസമായിരുന്നു. ഇങ്ങനെ കുടുങ്ങിയ ഇന്ത്യക്കാരിൽ നല്ലപങ്കും ഇതിനകം നാടണഞ്ഞുകഴിഞ്ഞു.