കരുതലിനുള്ള പ്രത്യുപകാരം; മലയാളി യുവാക്കൾ പ്ലാസ്മ ദാനം ചെയ്തു
text_fieldsമത്ര: കോവിഡ് രോഗബാധിതരായ തങ്ങൾക്ക് ഒമാൻ സർക്കാറും ജനങ്ങളും നൽകിയ കരുതലിനുള്ള പ്രത്യുപകാരമായി മലയാളി സുഹൃത്തുക്കൾ പ്ലാസ്മ ദാനം ചെയ്തു. മത്രയിൽ ജോലി ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്ന റാഷിദ് ശ്രീകണ്ഠപുരം, അസ്ലം പെരിങ്ങത്തൂർ, സി.കെ. മനാഫ്, സലാം, അഷ്റഫ് എന്നിവരാണ് പ്ലാസ്മ ദാനത്തിലൂടെ സഹജീവികളോടുള്ള കരുതലിന് മാതൃകയായത്. ഉറവിടം എങ്ങനെയെന്നറിയാതെ കോവിഡ് സ്ഥിരീകരിക്കുകയും രണ്ടാഴ്ച നീളുന്ന െഎസൊലേഷൻ ജീവിതം നയിച്ച ശേഷം തിരിച്ചെത്തിയവരുമാണിവര്. കോവിഡിന് പ്ലാസ്മ തെറപ്പി ഫലപ്രദമാണെന്നും രോഗം ഭേദമായവർ പ്ലാസ്മ ദാനത്തിന് മുന്നോട്ടുവരണമെന്നുമുള്ള ആരോഗ്യ വകുപ്പിെൻറ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് ഇവർ പ്ലാസ്മ ദാനത്തിനായി മുന്നോട്ടുവന്നത്.
കോവിഡ് എന്താണെന്നും അതിനെ ചെറുക്കാന്‍ ഒമാൻ സര്‍ക്കാറും ആരോഗ്യ വകുപ്പും നല്‍കിവരുന്ന സേവനങ്ങളും തുല്യതയില്ലാത്തതാണെന്നും മനസ്സിലാക്കാൻ തങ്ങൾക്ക് സാധിച്ചതായി ഇവർ പറയുന്നു. ഒമാനില്‍ കോവിഡ് ബാധിതരിൽ കൂടുതൽ പേരും വിദേശികളാണ്. എന്നിട്ടും ഇവിടത്തെ സർക്കാർ വിദേശികളെ അതിെൻറ പേരില്‍ പഴിക്കുന്നില്ല. രോഗവാഹകര്‍ നിങ്ങളാണെന്ന് പറഞ്ഞുള്ള രീതിയിൽ വിദ്വേഷവും ഇളക്കിവിടുന്നില്ല. പകരം മതിയായ സൗകര്യങ്ങളോടെ ക്വാറൻറീൻ സൗകര്യങ്ങൾ നൽകി സൗജന്യമായി ചികിത്സിക്കുകയാണ് ചെയ്തത്. അതിനുള്ള നന്ദിയും രാജ്യവാസികള്‍ക്കായി തങ്ങളാൽ കഴിയുന്ന സംഭാവനയെന്ന നിലക്കുമാണ് സ്വമേധയാ പ്ലാസ്മ ദാനത്തിന് തയാറായതെന്ന് അഞ്ചുപേരും പറയുന്നു.
ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് പ്ലാസ്മ സ്വീകരിച്ചത്.