കൂടിയ വില ഇൗടാക്കൽ 550 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു
text_fieldsമസ്കത്ത്: ഉപഭോക്തൃ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 1610 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 25 മുതൽ മേയ് അവസാനം വരെ കാലയളവിൽ വിവിധ ഗവർണറേറ്റുകളിലായാണ് ഇത്രയും നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തത്. സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയർത്തിയതുമായി ബന്ധപ്പെട്ടാണ് കൂടുതൽ നിയമ ലംഘനങ്ങളും രജിസ്റ്റർ ചെയ്തത്.
550 നിയമലംഘനങ്ങളാണ് ഇൗ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത്. സാധനങ്ങളുടെ വിലവിവര പട്ടിക പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ട് 372 നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തു. പച്ച മരുന്നുകളുടെ വിൽപന, പർച്ചേഴ്സ് ഇൻവോയിസ് നൽകാതിരിക്കൽ, ഡിസ്പ്ലേയിൽ വെച്ച സാധനങ്ങളുടെയും കൗണ്ടറിൽ ഇൗടാക്കിയ തുകയുടെയും വ്യത്യാസം, പെർമിറ്റില്ലാതെ പ്രൊമോഷനൽ ആക്ടിവിറ്റി, തെറ്റായ വിവരങ്ങൾ നൽകുന്ന പരസ്യങ്ങൾ തുടങ്ങിയവയാണ് മറ്റ് നിയമ ലംഘനങ്ങൾ.