ഇന്ന് ലോക തൊഴിലാളി ദിനം: ജോലി നഷ്ടപ്പെട്ടും വരുമാനമില്ലാതെയും പ്രവാസികൾ
text_fieldsമസ്കത്ത്: ഇന്ന് മേയ് ഒന്ന്, സർവരാജ്യ തൊഴിലാളി ദിനം. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യവും ആയി 1886 അമേരിക്കയിലെ ചിക്കാഗോയിൽ ഹേയ് മാർക്കറ്റിൽ സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളെ കൂട്ടക്കൊല ചെയ്തതിെൻറ ഒാർമദിവസമാണ് മേയ് ഒന്ന്. തൊഴിലിടങ്ങളിലെ ചൂഷണത്തിനും അനീതിക്കും എതിരായി നടന്ന പോരാട്ടത്തിെൻറ ഫലമായി ലോകമാകമാനമുള്ള തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടു. പൊതുവെ തൊഴിലിടങ്ങളിൽ , തൊഴിലാളിക്ക് മാന്യമായ വേതനവും, സ്ഥാനവും നൽകപ്പെട്ടു.
134 വർഷങ്ങൾക്ക് ഇപ്പുറം ലോകത്തുള്ള എല്ലാ തൊഴിലാളികളും നിലനിൽപ്പിനായി ഉള്ള പോരാട്ടത്തിലാണ്. കേവലം ഒരു വൈറസിന് മുന്നിൽ തകർന്നു പോയ ലോക വാണിജ്യ രംഗം. മൂന്നിൽ ഒരാൾക്ക് തൊഴിൽ നഷ്ടമാകുന്ന രീതിയിലേക്ക് കാര്യങ്ങൾ കൂപ്പു കുത്തുന്നു. ജോലി നഷ്ടമായ തൊഴിലാളികളേക്കാൾ ആധിയാണ് തൊഴിൽ ഉള്ളവർക്ക്. കാരണം തൊഴിൽ ഉള്ള ഭൂരിഭാഗത്തിനും ശമ്പളം പൂർണമായോ, ഭാഗികമായോ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഒമാൻ അടക്കം ഗൾഫ് മേഖലയിലും സമാന സാഹചര്യമാണ്. കോവിഡ് ഭീതി പാരമ്യത്തിൽ എത്തി വാണിജ്യ സ്ഥാപനങ്ങൾ അടക്കാൻ തുടങ്ങിയത് മാർച്ച് പകുതി മുതലാണ്. അന്നുമുതൽ ദിവസക്കൂലിക്കും, മാസ ശമ്പളത്തിനും ജോലി ചെയ്യുന്നവർക്ക് ശമ്പളം കിട്ടിയിട്ടില്ല.
ഓരോ ദിവസവും ഒട്ടുമിക്ക ആളുകൾക്ക് ജോലി നഷ്ടമാകുന്നു. മലയാളികളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ സ്വപ്നഭൂമിയായ ഗൾഫ് അവരെ ഏകദേശം കൈവിട്ടു കഴിഞ്ഞു. ഏതൊരു പ്രതിസന്ധിയിലും തകരാത്ത ഗൾഫ് മലയാളി ഇന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ട് പകച്ചു നിൽക്കുന്നു. കോവിഡ് ഭീതി മൂലം വീട്ടിലിരുന്നു ജോലി ചെയ്യാൻ ഒട്ടുമിക്ക ജീവനക്കാർക്കും അനുവാദം നൽകിയിരുന്നു. ആദ്യമാദ്യം ഈയൊരു അവസ്ഥ എല്ലാവരും ആസ്വദിച്ചു. എന്നാൽ പതുക്കെ പതുക്കെ മടുപ്പും ആശങ്കയും വർധിച്ചു. ഓഫിസിൽ പോയി ജോലി ചെയ്യുന്ന സമയത്ത് ഏതൊരു കാര്യവും സഹപ്രവർത്തകരുമായി കൂടിയിരുന്നു ചർച്ച ചെയ്യാൻ സാധിക്കുമായിരുന്നെന്നും അത് വല്ലാത്ത കരുത്താണ് നൽകിയിരുന്നതെന്നും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ദീപക് പറയുന്നു.
ഈ സമയത്താണ് തൊഴിലിെൻറ മഹത്വം എന്തെന്ന് ശരിക്കും മനസ്സിലാക്കുന്നതെന്ന് പാകിസ്താൻ സ്വദേശിയായ ആരിഫ് ഖാൻ പറയുന്നു. പെർഫ്യൂം വ്യാപാര സ്ഥാപനത്തിലെ വാണിജ്യ വിഭാഗത്തിൽ ജോലി ചെയുന്ന ആരിഫ് കഴിഞ്ഞ ഒന്നര മാസം ആയി വീട്ടിൽ തന്നെ ഇരിപ്പാണ്. എത്രയും വേഗം ജോലി ചെയ്യാൻ പറ്റിയാൽ മതി എന്നാണ് പ്രാർഥനയെന്ന് ആരിഫ് പറയുന്നു. അന്നത്തെ വരുമാനത്തെ ആശ്രയിച്ചും, വല്ലപ്പോഴും ഉള്ള ജോലിയും കാത്തു കഴിഞ്ഞിരുന്നവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്.
വീട്ടുജോലിക്കും മറ്റും പോയിരുന്നവർ സന്നദ്ധ സംഘടനകളുടെ ഭക്ഷണകിറ്റുകളെ ആശ്രയിച്ചാണ് വിശപ്പടക്കുന്നത്. പല സന്നദ്ധ സംഘടനകളും നൽകിയ സഹായം കൊണ്ട് ഭക്ഷണത്തിനു മുട്ട് ഉണ്ടായില്ലെന്നും മറ്റ് ചെലവുകൾക്ക് എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. ഇന്ന് ലോക തൊഴിലാളി ദിനം ആഘോഷിക്കുന്ന സമയത്ത് ഗൾഫ് മേഖലയിലെ തൊഴിലാളികൾ അവരുടെ അവകാശത്തെ കുറിച്ചല്ല, മറിച്ച് അവരുടെ അവരുടെ ഇനിയുള്ള തൊഴിലിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നതാണ് വസ്തുത.