മസ്കത്ത്: ഇബ്രിയിൽ വാദിയിൽ കാർ ഒഴുക്കിൽപെട്ട് മരിച്ച കൊല്ലം തെക്കേവിള സ്വദേശി ഉ ത്രാടം വീട്ടിൽ സുജിത് സുപ്രസന്നൻ (31), കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി മാറോളി പുത്തൻ പുരയിൽ രവീന്ദ്രെൻറ മകൻ ബിജീഷ് (37) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സുഹാറിലെ ഹൈന്ദവ ശ്മശാനത്തിൽ ഞായറാഴ്ച ഉച്ചക്കുശേഷം നടന്ന സംസ്കാര ചടങ്ങുകൾക്ക് ഇരുവരുടെയും ഭാര്യമാർക്കും കുട്ടികൾക്കൊപ്പം സുജിത്തിെൻറ ഭാര്യാ പിതാവും സാക്ഷികളായി.
മൃതദേഹങ്ങൾ അവസാനമായി ഒരു നോക്ക് കാണണമെന്ന ബിജീഷിെൻറയും സുജിത്തിെൻറയും മാതാപിതാക്കളുടെ ആഗ്രഹം മുൻനിർത്തി പല വഴികളിലും ശ്രമിച്ചിരുന്നെങ്കിലും നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് ഒരാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ ഒമാനിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. കൈരളി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.