മസ്കത്ത്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രതിരോധ-മുൻകരുത ൽ നടപടികൾ ഒമാൻ കടുപ്പിക്കുന്നു. എല്ലാ കടകളും വാണിജ്യസ്ഥാപനങ്ങളും അടച്ചിടണമെന്നു കാട്ടി റീജനൽ മുനിസിപ്പാലീറ്റീസ് മന്ത്രാലയം ഉത്തരവ് ഇറക്കി. പൊതുജനങ്ങളുടെ ഒത്തുചേരലുകൾ തടയാൻ ലക്ഷ്യമിട്ടുള്ള നിയമം തിങ്കളാഴ്ച മുതൽ നിലവിൽവന്നതായി മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യോൽപന്നങ്ങളും ഉപഭോക്തൃ ഉൽപന്നങ്ങളും വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, ഫാർമസി, ഒപ്റ്റിക്കൽ സ്റ്റോറുകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവക്കു മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. മാളുകൾക്കു പുറത്തുള്ള റസ്റ്റാറൻറുകളും കോഫിഷോപ്പുകളും ഒാർഡർ, ഡെലിവറി സേവനങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂവെന്നും ഉത്തരവ് പറയുന്നു.
കഴിഞ്ഞ 18 മുതൽ രാജ്യത്തെ വാണിജ്യകേന്ദ്രങ്ങളിലെ കടകളും പരമ്പരാഗത മാർക്കറ്റുകളും ജിമ്മുകൾ, ഹെൽത്ത് ക്ലബുകൾ, ബാർബർ-ബ്യൂട്ടി ഷോപ്പുകൾ എന്നിവയും തുറക്കുന്നില്ല. നിരോധനം ബാധകമല്ലാത്തതിനാൽ റൂവി ഹൈസ്ട്രീറ്റ് അടക്കമുള്ള പ്രദേശങ്ങളിൽ കടകൾ പ്രവർത്തിച്ചിരുന്നു. പുതിയ ഉത്തരവോടെ ഇത്തരം മേഖലകളിലെ കടകൾക്കും താഴുവീണു. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ അനുസരിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ ഒാർമിപ്പിച്ചു.