സാമ്പത്തികാശ്വാസ പദ്ധതികൾ
text_fieldsമസ്കത്ത്: കോവിഡ് -19 ബാധയുടെ വ്യാപനം കാരണം ബിസിനസ് സ്ഥാപനങ്ങൾക്കും പൊതുജനങ് ങൾക്കുമുണ്ടാകുന്ന ആഘാതം മറികടക്കാൻ ഒമാൻ സർക്കാർ വിവിധ തലങ്ങളിലുള്ള മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തെ സധൈര്യം നേരിടാൻ രാജ്യത്തെ പര്യാപ്തമാക്കാൻ ലക്ഷ്യമിട്ടുളളതാണ് നടപടികളെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻസ് പ്രസ്താവനയിൽ അറിയിച്ചു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ അധികശേഖരം ലഭ്യമാക്കുമെന്നതാണ് പ്രധാന തീരുമാനം. ഇതോടൊപ്പം അടുത്ത ആറുമാസത്തേക്ക് സ്വകാര്യ മേഖലക്ക് ഭക്ഷ്യോൽപന്നങ്ങളും ഉപഭോക്തൃ ഉൽപന്നങ്ങളും ശേഖരിക്കാൻ സർക്കാർ വെയർഹൗസുകൾ ഒരു വാടകയും ഇൗടാക്കാതെ നൽകും. റസ്റ്റാറൻറുകളെ ഇൗ വർഷം ആഗസ്റ്റ് എട്ട് വരെ ടൂറിസം-നഗരസഭ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ-ബിസിനസ് സ്ഥാപനങ്ങൾ ആഗസ്റ്റ് വരെ നഗരസഭ ഫീസ് അടക്കുകയും വേണ്ട.
അൽ-റഫദ് ഫണ്ടിലേക്കുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വായ്പ ഗഡു അടക്കാൻ ആറുമാസം സാവകാശം നൽകും. ഒമാൻ ഡെവലപ്മെൻറ് ബാങ്കിന് നൽകേണ്ട വായ്പ ഗഡുക്കളിലും ആറുമാസം സാവകാശം അനുവദിക്കും. വ്യവസായിക നഗരങ്ങളിലെ ഫാക്ടറികളെ അടുത്ത മൂന്നുമാസത്തേക്ക് എല്ലാത്തരം വാടക ചെലവുകളിൽനിന്നും ഒഴിവാക്കും. സജീവമായ എല്ലാ ബിസിനസ് സംരംഭങ്ങൾക്കും അടുത്ത മൂന്ന് മാസത്തേക്ക് പുതുക്കൽ ഫീസ് ഒഴിവാക്കി നൽകി. വാണിജ്യ രജിസ്റ്ററുകളുള്ള കമ്പനികളെ അടുത്ത മൂന്നുമാസത്തേക്ക് പുതുക്കൽ ഫീസിൽനിന്ന് ഒഴിവാക്കും. വാഹന വായ്പ തവണകൾ നീട്ടിവെക്കണമെന്ന ആവശ്യം അടുത്ത മൂന്നു മാസത്തേക്ക് കാർ വിൽപനക്കാരും ധനകാര്യ കമ്പനികളും അംഗീകരിക്കണമെന്ന് സർക്കാർ നിർദേശിച്ചു.
തുറമുഖങ്ങളിലെ ഷിപ്മെൻറ്, ചരക്കുകൾ കൈകാര്യം ചെയ്യൽ, ചരക്കിറക്കൽ എന്നിവക്കുള്ള ഫീസുകളിൽ കുറവുവരുത്തി. ഭക്ഷ്യോൽപന്നങ്ങൾക്കും മരുന്നുകൾക്കുമുള്ള വ്യോമയാന കാർഗോ നിരക്കും കുറച്ചു. നിലവിലെ സാഹചര്യത്തിൽ വാടക ഒഴിവാക്കുകയോ കുറക്കുകയോ നീട്ടിവെക്കുകയോ വേണമെന്ന് വാണിജ്യ കേന്ദ്രങ്ങളുടെയും മാളുകളുടെയും ഉടമസ്ഥരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ബന്ധപ്പെട്ട ഏജൻസികളെ ചുമതലപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എട്ട് ശതകോടി റിയാലിെൻറ ഉത്തേജന പാക്കേജ് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
