മസ്കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്ക് നിരോധനം. അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിരോധനം പ്രാബല്യത്തിൽവരുമെന്ന് പരിസ്ഥിതി കാലാവസ്ഥകാര്യ മന്ത്രി മുഹമ്മദ് ബിൻ സാലെം ബിൻ സഇൗദ് അൽ തോബി മന്ത്രിതല ഉത്തരവിൽ അറിയിച്ചു. നിയമലംഘകർക്ക് 2000 റിയാൽ വരെ പിഴ ചുമത്തും. ഹൈപ്പർമാർക്കറ്റുകളിൽനിന്നും സൂപ്പർമാർക്കറ്റുകളിൽനിന്നും ലഭിക്കുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്കാണ് നിരോധനം ബാധകം.
ഇവ ഉപയോഗിക്കുന്നതിൽനിന്ന് കമ്പനികളും സ്ഥാപനങ്ങളും വിട്ടുനിൽക്കണം. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് നിരോധനമെന്ന് ഉത്തരവിൽ പറയുന്നു. നിയമലംഘകർക്ക് 100 റിയാലാണ് കുറഞ്ഞ പിഴ. പരമാവധി 2000 റിയാൽ വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിക്കുന്നപക്ഷം പിഴസംഖ്യ ഇരട്ടിയാകും. പരിസ്ഥിതി സംരക്ഷണ-മലിനീകരണ നിയന്ത്രണ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനുള്ള തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.