സ്വകാര്യ ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണ നിർദേശം
text_fieldsമസ്കത്ത്: സ്വകാര്യ ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണത്തിന് ശൂറാ കൗൺസിൽ നിർദേശം. ഇത് സംബന്ധിച്ച നിർദേശം ശൂറാ കൗൺസിൽ അംഗീകരിച്ചതായി പ്രാദേശിക റേഡിയോ സ് റ്റേഷൻ റിപ്പോർട്ട് ചെയ്തു. ലാബ് ടെക്നീഷ്യൻ, ഡോക്ടർമാരുടെ സഹായി, ഫിസിയോ തെറപ്പിസ്റ്റ്, നഴ്സ്, ഫാർമസിസ്റ്റ്, ഫാർമസിസ്റ്റുമാരുടെ സഹായി, റേഡിയോളജിസ്റ്റ്, ഹെൽത്ത് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണത്തിന് ശൂറാ കൗൺസിൽ നിർദേശിച്ചത്. ഇൗ വിഭാഗങ്ങളിൽ നിരവധി സ്വദേശികൾ തൊഴിൽരഹിതരായി ഉണ്ടെന്ന് കൗൺസിൽ വിലയിരുത്തി. നിലവിൽ ഡോക്ടർമാർ ഒഴിച്ച് സ്വകാര്യ ആരോഗ്യ മേഖലയിലെ പല തസ്തികകളിലും 35 ശതമാനം സ്വദേശിവത്കരണം നിലവിലുണ്ട്. ഏതെങ്കിലും മേഖലകളിൽ പൂർണ സ്വദേശിവത്കരണം ഏർപ്പെടുത്താൻ നിർദേശമുണ്ടോയെന്നതടക്കം കാര്യങ്ങൾ വ്യക്തമല്ല. നിർദേശം വൈകാതെ മന്ത്രിയുടെ പരിഗണനക്ക് അയക്കുമെന്നും കൗൺസിൽ അറിയിച്ചു. വിദേശികളുടെ താമസനിയമത്തിലെ ചില ഭേദഗതികളും ശൂറ ചൊവ്വാഴ്ച ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ഇതോടൊപ്പം മാനേജ്മെൻറ്, ടെക്നിക്കൽ തസ്തികകളിലെ ജോലിക്ക് തുല്യത സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതും കൗൺസിൽ ചർച്ച ചെയ്തു. ഹൈപ്പർമാർക്കറ്റുകളിൽ ഒമാനി ഉൽപന്നങ്ങൾക്ക് പ്രത്യേക ഇടം അനുവദിക്കാനും ശൂറാ കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം സംബന്ധിച്ച ശൂറ നിർദേശം അംഗീകരിക്കുന്ന പക്ഷം മലയാളി തൊഴിലന്വേഷകർക്ക് വലിയ തിരിച്ചടിയാകും. നിലവിൽ മുകളിൽ പറഞ്ഞ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നു. ഫെബ്രുവരിയിൽ മൂന്ന് തസ്തികകളിൽ ഒമാൻ പൂർണമായും വിസ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സെയിൽസ് റെപ്രസേൻററ്റീവ്/സെയിൽസ് പ്രൊമോട്ടർ, പർച്ചേഴ്സ് െറപ്രസേൻററ്റീവ് തസ്തികകളിൽ ഫെബ്രുവരി ആദ്യം വിദേശികൾക്ക് പൂർണ വിസ വിലക്ക് ഏർപ്പെടുത്തി. പിന്നീട് കഴിഞ്ഞ ദിവസം കുടിവെള്ളം കൊണ്ടുപോകുന്ന നീല ട്രക്കുകളുടെ ഡ്രൈവർമാരുടെ തസ്തിക പൂർണമായും സ്വദേശിവത്കരിച്ച് ഉത്തരവിറങ്ങിയിരുന്നു.