പുതിയ നിയമം: ഭൂരിഭാഗം മേഖലകളിലും 100% വിദേശ ഉടമസ്ഥത
text_fieldsമസ്കത്ത്: ജനുവരി ഏഴിന് നിലവിൽ വന്ന പുതിയ വിദേശനിക്ഷേപ നിയമം ഒമാനിലെ ബിസിനസ് മേഖലക്ക് ഉണർവേകുമെന്ന് വിലയിരുത്തൽ. പുതിയ നിയമപ്രകാരം 37 വിഭാഗങ്ങളിലെ വ്യാപാരങ്ങളും സേവനങ്ങളും ഒഴിച്ചുള്ള മേഖലകളിലെല്ലാം നൂറ് ശതമാനം വിദേശ ഉടമസ്ഥതാവകാശം അനുവദിക്കും. നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കാത്ത 37 മേഖലകളിൽ ടെയിലറിങ്, ലോൺഡ്രി, ട്രാൻസ്ലേഷൻ-ഫോേട്ടാകോപ്പിയിങ് സേവനം, വാഹന റിപ്പയറിങ്, ട്രാൻസ്പോർേട്ടഷൻ, കുടിവെള്ള വിതരണം, മനുഷ്യശേഷി-റിക്രൂട്ട്മെൻറ് സേവനം, ഹെയർഡ്രസിങ്-സലൂൺ സേവനം, ടാക്സി ഒാപറേഷൻ, മത്സ്യബന്ധനം, പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പൂർണമായും നിക്ഷേപസൗഹൃദമാക്കാൻ ലക്ഷ്യമിട്ടുള്ള നിയമത്തിന് മികച്ച പ്രതികരണമാണ് ഉള്ളതെന്ന് ഖാലിദ് അൽ വഹൈബി അഡ്വക്കറ്റ്സ് ആൻഡ് ലീഗൽ കൺസൽട്ടൻറ്സിലെ മുതിർന്ന അഭിഭാഷകനായ എം.കെ. പ്രസാദ് പറഞ്ഞു.
ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കഫ്റ്റീരിയകൾ, ബിൽഡിങ് മെറ്റീരിയൽ സ്ഥാപനങ്ങൾ, ഹൗസ്ഹോൾഡ് വിപണന ശാലകൾ തുടങ്ങി മലയാളികൾ കൂടുതലായി കച്ചവടം നടത്തുന്ന മേഖലകളിലെല്ലാം ഇനി സ്വദേശി സ്പോൺസറില്ലാതെ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയും. നേരത്തേ ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനി ആരംഭിക്കാൻ കുറഞ്ഞ മൂലധനമായി ഒന്നരലക്ഷം റിയാൽ വേണ്ടിയിരുന്നു. ഇൗ മാനദണ്ഡത്തിൽ വ്യവസായ-വാണിജ്യ മന്ത്രാലയം ഇളവ് നൽകിയിട്ടുണ്ട്. ഇപ്പോൾ മൂവായിരം റിയാൽ മുതൽ മുതൽമുടക്കിൽ കമ്പനികൾ ആരംഭിക്കാം. അതേസമയം, കമ്പനികളുടെ രജിസ്ട്രേഷൻ ഫീസ് മന്ത്രാലയം കുത്തനെ ഉയർത്തിയിട്ടുണ്ട്. മൂവായിരം റിയാൽ ആയാണ് ഫീസ് വർധിപ്പിച്ചിട്ടുള്ളത്. നിലവിൽ ഒമാനിൽ പ്രവർത്തിക്കുന്ന വിദേശികൾ പാർട്ണർമാരായ കമ്പനികളും ഈ തുക നൽകേണ്ടിവരും. പുതിയ കമ്പനികളുടെ പ്രോജക്ടിന് ഒപ്പം ഫീസും അടച്ചാൽ വൈകാതെ അനുമതി ലഭിക്കുന്ന വിധത്തിലാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുള്ളതെന്നും അഡ്വ. പ്രസാദ് പറഞ്ഞു.
അന്തരിച്ച സുൽത്താൻ ഖാബൂസ് ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച നിയമങ്ങളിൽ ഒന്നാണ് ഇത്. കഴിഞ്ഞവർഷം ജൂലൈയിൽ പ്രഖ്യാപിച്ച നിയമം ജനുവരിയിലാണ് പ്രാബല്യത്തിൽ വന്നത്. വിദേശികൾക്ക് നിർബാധം ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങാനാകുന്നതോടെ സ്വദേശികളുടെ തൊഴിൽ ലഭ്യതയും ഉയരും. ഇതോടൊപ്പം ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്ക് ഫീസ് അടച്ച് നിയമപ്രകാരമായ രീതിയിലേക്ക് മാറാനുള്ള അവസരം കൂടിയാണ് പുതിയ നിയമം നൽകുന്നതെന്നും അഡ്വ. പ്രസാദ് പറഞ്ഞു. 60 വയസ്സ് കഴിഞ്ഞതുെകാണ്ട് വിസ പുതുക്കാൻ കഴിയാത്തവർക്ക് നിക്ഷേപക വിസയിലേക്ക് മാറാനും സാധിക്കും. മുതിർന്ന മക്കൾക്കടക്കം നിക്ഷേപക വിസക്ക് കീഴിൽ വിസയെടുക്കാനും സാധിക്കുമെന്ന മെച്ചവും പുതിയ നിയമത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
