മസ്കത്ത്: നാലു പതിറ്റാണ്ടിലേറെയായി പ്രവാസജീവിതം നയിച്ചുപോന്ന മത്രയിലെ ആദ്യകാല പ്രവാസികളിലൊരാളായ തോമസേട്ടന് നാടണയുന്നു. തൃശൂര്‍ മറ്റം സ്വദേശിയായ തോമസ് 1977ൽ 21ാം വയസ്സിലാണ് ബോംബെയില്‍നിന്ന് എ അക്ബര്‍ എന്ന കപ്പലിലേറി മത്ര കോര്‍ണീഷ് തീരമണഞ്ഞത്. അഞ്ച് ദിനരാത്രങ്ങളിലെ യാത്രക്ക് ശേഷമാണ് ലക്ഷ്യത്തിലെത്തിയത്. നാട്ടില്‍നിന്ന് ബോംബെയിലേക്കുള്ള ട്രെയിൻ യാത്രക്ക് മൂന്ന് ദിവസം വേറെയും. അതുപോലെത്തന്നെയാണ് നാട്ടിലേക്ക് പണമയക്കുന്ന രീതിയും. അന്നത്തെ മാസശമ്പളം 35 റിയാലായിരുന്നു. ആയിരം രൂപ നാട്ടിലേക്ക് അയക്കണമെങ്കില്‍ 50 റിയാൽ വേണം. രണ്ടു മാസം കൂടുമ്പോൾ മാത്രമാണ് നാട്ടിലേക്ക് പണമയക്കുക. പണമയച്ചാല്തന്നെ അതവിടെ കിട്ടിയ വിവരമറിയാന്‍ ഒരു മാസമെടുക്കും. നിമിഷാർധങ്ങള് കൊണ്ട് വിവരമറിയുന്ന ഇക്കാലവും പണമയച്ച് ഒരു മാസം കഴിഞ്ഞ് ബാങ്കിലെ അറിയിപ്പ് വന്നാല്‍ മാത്രമറിയുന്ന അക്കാലവും തമ്മില്‍ താരതമ്യം ചെയ്താല്‍ പുതു തലമുറക്ക് ആശ്ചര്യം തോന്നുമെന്നത് സ്വാഭാവികമാണെന്ന് തോമസ് പറയുന്നു.
മത്ര കോര്‍ണീഷില്‍ നങ്കൂരമിട്ട കപ്പലില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ട ഒമാന്‍ രാജ്യം ഇന്ന് ഒരുപാടു മാറി. ആദ്യത്തെ ഒരു വര്‍ഷം മത്രയിലെ മലയാളിയായ ഹംസ ഡോക്ടറുടെ മെഡിക്കൽ സെൻററിലെ ജോലിക്ക് ശേഷം 1978 മുതല്‍ 41 വർഷം മത്ര സൂഖിലെ ജ്യൂസ് ഷോപ്പില്‍ ഒരേ സ്പോണ്‍സറുടെ കീഴിലായിരുന്നു ജോലി. നാലു പതിറ്റാണ്ടു കാലത്തെ ഒമാൻ ജീവിതത്തില്‍ തദ്ദേശീയരായ ജനങ്ങളില്‍നിന്ന് സൗഹാർദപരമായ സമീപനം മാത്രമേ അനുഭവിച്ചിട്ടുള്ളൂ. സ്നേഹസമ്പന്നരാണ് ഇവിടത്തെ ജനങ്ങളെന്ന് ഇദ്ദേഹം പറയുന്നു. സ്പോണ്സര് സ്ഥലത്തില്ലാത്തതു കാരണം അപ്പനും അമ്മയും മരിച്ചപ്പോൾ കാണാനായി പോകാന്‍ പറ്റാതിരുന്ന വിഷമമാണ് പ്രവാസകാലത്തുണ്ടായ ഒരേയൊരു പ്രയാസം. ആരോഗ്യകരമായ കാരണങ്ങളാല്‍ ശിഷ്ടകാലം നാട്ടില്‍ സ്വസ്ഥമായി കഴിയാനാണ് തീരുമാനം. ദീർഘകാലത്തെ പ്രവാസം വഴി കാര്യമായ നീക്കിവെപ്പിനൊന്നും സാധിച്ചില്ലെങ്കിലും മക്കളെ പഠിപ്പിക്കാനും വിവാഹം കഴിച്ചയക്കാനും സാധിച്ചത് അനുഗ്രഹമായി കരുതുന്നുവെന്ന് സംതൃപ്തിയോടെ തോമസ് ചേട്ടന് പറയുന്നു.