മസ്കത്ത്: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച് സ്കൂൾ വിദ്യാർഥികളായ െപൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വിദേശി തൊഴിലാളിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂളിൽ ക്ലീനറായി ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് അറസ്റ്റിലായത്. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം, അശ്ലീല ചിത്രം കാണിക്കൽ എന്നീ കുറ്റങ്ങൾക്ക് 5000 ഒമാൻ റിയാൽ പിഴയും അഞ്ചു വർഷ കഠിന തടവിനും കോടതി ശിക്ഷ വിധിച്ചു. തടവുശിക്ഷ കാലാവധി പൂർത്തിയാകുന്നതോടെ തൊഴിലാളിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
സ്കൂളിൽ ക്ലീനറായി ജോലി ചെയ്തിരുന്നയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മാതാപിതാക്കളിൽ നിന്ന് പരാതി ലഭിച്ചതോടെയാണ് സംഭവം ആദ്യം പുറത്തുവന്നത്. മൊബൈൽ ഫോണിലൂടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ചായിരുന്നു കുട്ടികളെ പീഡിപ്പിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാമത്തെ വിദ്യാർഥിനിയുടെ രക്ഷാകർത്താവ് തന്നെയും കുടുംബത്തെയും ഇൗ സംഭവം ഞെട്ടിച്ചതായി കാണിച്ച് സ്കൂൾ മാനേജ്മെൻറിനാണ് പരാതി നൽകിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.