മസ്കത്ത്: രാജ്യത്ത് അതിവേഗ ഇൻറർനെറ്റ് ലഭ്യതയും തടസ്സമില്ലാത്ത ആശയവിനിമയവും ഉറപ്പാക്കുന്നതിനായി ഒമാൻ ടെലികമ്യൂണിക്കേഷൻ കമ്പനിയായ ഒമാൻടെൽ 5 ജി നെറ്റ്വർക്ക് രാജ്യത്ത് ഔദ്യോഗികമായി ആരംഭിച്ചു. ഈ വർഷം ഒക്ടോബർ 15 ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ച 5 ജി ടെക്നോളജി റോഡ്മാപ്പിന് അനുസൃതമായാണ് നെറ്റ്വർക്കിന് തുടക്കമായത്. 5ജി നെറ്റ്വർക്ക് യാഥാർഥ്യമാക്കുന്നതിന് സഹകരിച്ച സുൽത്താനേറ്റിറ്റിലെ മൊബൈൽ ഫോൺ വരിക്കാരെയും ഒമാൻടെലിനെയും ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി സന്ദേശത്തിലൂടെ അഭിനന്ദിച്ചു. “ഒമാൻടെൽ വാണിജ്യ 5 ജി നെറ്റ്വർക്ക് ആരംഭിച്ചുകഴിഞ്ഞു.
5 ജി ഹോം സേവനങ്ങൾ തെരെഞ്ഞെടുത്ത ഒമാൻടെൽ ഹോം ഉപഭോക്താക്കൾക്ക് 1 ജി.ബി.പി.എസ് വരെ വേഗതയിൽ അവരുടെ വീടുകളിൽ അതിവേഗ ഇൻർനെറ്റ് സേവനങ്ങൾ ലഭ്യമാകും. വേഗത്തിലേക്ക് കുതിക്കുന്ന കാലത്തിന് അനുയോജ്യമായ സർവിസുകളും ഗെയിമിങ് ഉൾപ്പെടെയുള്ള ഫീച്ചറുകളും വളരെ വേഗതയോടെ തന്നെ ഓഫറുകൾ 5ജി ഹോം ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ കഴിയും. ഒമാനെ പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറ്റുന്നതിനുള്ള പ്രയാണത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ് 5 ജി ഹോം ആരംഭിച്ചതിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേവലം 25 റിയാലിന് 20ജി.ബി.പി.എസ് വരെ സ്പീഡിൽ 250ജി.ബിയും 50 റിയാലിന് 40ജി.ബി.പി.എസ് വേഗതയിൽ 500 ജി.ബിയും ഉപയോഗിക്കാനാവും.
ഒമാൻ വിഷൻ 2040 പദ്ധതി പ്രകാരം 5 ജി മൊബൈൽ ഇൻറർനെറ്റ് ഘട്ടംഘട്ടമായി ആരംഭിക്കുന്നതിനായാണ് പദ്ധതി. 100 മെഗാഹെർട്സ് 5 ജി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം ഒമാൻടെൽ, ഉരീദൂ എന്നീ രണ്ട് ടെലികോം ഓപറേറ്റർമാർക്ക് അനുവദിച്ചു. രണ്ടു കമ്പനികളുടെയും സേവനങ്ങൾ നവീകരിക്കുന്നതിന് വലിയൊരു അവസരമാണ് ഇതിലൂടെ യാഥാർഥ്യമായിരിക്കുന്നത്. രണ്ട് ടെലികോം കമ്പനികളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5 ജി സാങ്കേതികവിദ്യ പ്രവർത്തിപ്പിക്കുന്നതിന് 4,400 സ്റ്റേഷനുകൾ നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്യും. 2017 മുതൽ തന്നെ 5 ജിയിലേക്ക് മാറാനുള്ള തയാറെടുപ്പിലായിരുന്നു ഉരീദൂ ടെലികോം കമ്പനി. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി സംഘടിപ്പിച്ച പ്രത്യേക ‘5 ജി റോഡ്മാപ്പ്’ പരിപാടിയിലാണ് പ്രഖ്യാപനമുണ്ടായത്.