മസ്കത്ത്: ഒമാനും ഇറാനും തമ്മിലുള്ള വ്യാപാരബന്ധം ഒരു ബില്യൻ ഡോളറിൽനിന്ന് അഞ്ചു ബില്യൻ ഡോളറായി ഉയർത്തുമെന്ന് ഇറാൻ വ്യവസായ മന്ത്രി റെസാ റഹ്മാനി. തെഹ്റാനിൽ നടക്കുന്ന 18ാമത് ഒമാൻ-ഇറാൻ സംയുക്ത സാമ്പത്തിക സമ്മേളനത്തിെൻറ ഭാഗമായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ മസ്ഉൗദ് അലി അൽ സുൈനദിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. സന്ദർശനത്തിെൻറ ഭാഗമായി ഒമാൻ മന്ത്രി സുനൈദി ഇറാനിയൻ ഒന്നാം വൈസ് പ്രസിഡൻറ് ഇസ്ഹാഖ് ജഹാംഗീരിയുമായും ഇറാൻ സെൻട്രൽ ബാങ്ക് ഗവർണർ അബ്ന്നാർ ഹമദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒമാനും ഇറാനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധം വളർത്താൻ സഹായിക്കുമെന്ന് ഹമാദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരവും വിനോദസഞ്ചാര മേഖലയിലെ സഹകരണവും വർധിക്കുന്നത് എയർലൈൻസ്, ഷിപ്പിങ്, ചരക്ക് ഗതാഗത മേഖലക്കും വളർച്ചയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെഹ്റാനിൽ നടക്കുന്ന സാമ്പത്തിക സമ്മേളനത്തിെൻറ ഭാഗമായി ഒമാനും ഇറാനും നിരവധി കരാറുകളിൽ ഒപ്പുവെച്ചതായി ഒമാൻ ന്യൂസ് ഏജൻസിയും വ്യക്തമാക്കി. കടൽ വഴിയുള്ള വ്യാപാരം, ഗുണനിലവാരം നിലനിർത്തുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കൽ, കായിക മേഖലയിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് കരാറുകൾ ഉണ്ടാവുന്നത്. ഇൗ വർഷം ഇറാനിൽനിന്ന് ഒമാനിലേക്കുള്ള കയറ്റുമതി 728 ദശലക്ഷം ഡോളറായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം 1.6 ബില്യൻ ഡോളറായി ഉയർന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരത്തിൽ അഞ്ചു വർഷത്തിൽ 5.3 ശതമാനം വളർച്ചയാണ് കാണിക്കുന്നതെന്നും ഒ.എൻ.എ വ്യക്തമാക്കുന്നു.