മസ്കറ്റ്: പരന്നുകിടക്കുന്ന മരുഭൂവിന് കാവലാളായി തലയുയർത്തി നിൽക്കുന്ന ഒമാനിലെ പർവതങ്ങളും മലനിരകളും താണ്ടാൻ പതിവു തെറ്റിക്കാതെ ഇക്കുറിയുമെത്തി ആയിരങ്ങൾ. ടൂറിസം മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓമാൻ പർവത ഓട്ട മത്സരത്തിെൻറ രണ്ടാമത്തെ എഡിഷനിൽ 70 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം സാഹസിക പ്രിയരും കായികതാരങ്ങളുമായ അത്ലറ്റുകളാണ് പങ്കെടുക്കാനെത്തിയത്. 170 കിലോമീറ്ററോളം നിർത്താതെ ഓടിയ അയർലൻഡുകാരൻ അയൻ കേത്ത് ജേതാവായി.
ലോകം മുഴുവൻ കൗതുകത്തോടെ വീക്ഷിച്ച ചാമ്പ്യൻഷിപ്പിൽ ഒമാൻ പൗരൻതന്നെയാണ് രണ്ടാമതെത്തിയത്. ഹംദാൻ അൽ ഖത് രിയിലൂടെ ഒമാൻ ലോകോത്തര താരങ്ങൾക്ക് മുന്നിൽ അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയത്. ഒമാൻ പൗരന്മാർ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കാളികളായത്. ഒമാനിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങൾ, പൗരാണിക പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ മുന്നേറിയ ഓട്ടമത്സരം പിന്നീട് താഴ്വരകളിലേക്കും ചെങ്കുത്തായ പർവതനിരകളിലേക്കും നീണ്ടു നിരവധി പ്രതിബന്ധങ്ങൾ മറികടന്നു മുന്നേറുന്ന തരത്തിലാണ് മത്സരം രൂപകൽപന ചെയ്തത്.