മസ്കത്ത്: കേരളത്തിൽ യാക്കോബായ സുറിയാനി സഭ നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യാൻ മ സ്കത്തിൽ അടിയന്തര സുന്നഹദോസിന് തുടക്കമായി. ആകമാന സുറിയാനി സഭയുടെ പരമാധ്യ ക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയാര്‍ക്കീസ് ബാവയുടെ അധ്യക്ഷതയിൽ ഗാലയിലെ മർത്തശ്മുനി യാക്കോബായ സുറിയാനി ദേവാലയത്തിലാണ് സുന്നഹദോസ് (സഭാമേലധ്യക്ഷന്മാർ ഒത്തുചേരുന്ന സവിശേഷ സമ്മേളനം). വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച സുന്നഹദോസിൽ കേരളത്തിൽനിന്നുള്ള 30 മെത്രാപ്പോലീത്തമാർ പെങ്കടുക്കുന്നുണ്ട്.
സിറിയൻ ഒാർത്തഡോക്സ് ചർച്ച് ആഗോള സിനഡ് സെക്രട്ടറി ആർച്ച് ബിഷപ് ജോർജ് സലീബ മെത്രാപ്പോലീത്തയും സഭാ മാനേജ്മെൻറ് കമ്മിറ്റിയംഗവും യൂത്ത് അസോസിയേഷൻ ദേശീയ സെക്രട്ടറിയുമായ ജോർജ് സ്ലീബയും പെങ്കടുക്കുന്നുണ്ട്. പാത്രിയാർക്കീസ് ബാവയടക്കം 40 പേർ പെങ്കടുക്കുന്ന സുന്നഹദോസ് വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുർബാനക്കുശേഷം സുന്നഹദോസ് തുടരും. യോഗതീരുമാനങ്ങൾ വൈകീട്ട് 5.30ന് വാർത്താസമ്മേളനത്തിൽ പാത്രിയാർക്കീസ് ബാവ അറിയിക്കും. കമാൻഡർ തോമസ് അലക്സാണ്ടറിെൻറ ചുമതലയിലാണ് മസ്കത്തിലെ സുന്നഹദോസ് നടക്കുന്നത്. സഭയുടെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ സിനഡിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.