മസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് വടക്കൻ ഗവർണറേറ്റുകളിൽ വ്യാഴാഴ്ചയും കനത് ത മഴ. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളുടെ വിവിധയിടങ്ങളിലാണ് വ്യാ ഴാഴ്ച വൈകുന്നേരത്തോടെ മഴ പെയ്തത്. വെള്ളമുയർന്നതിനെ തുടർന്ന് മസ്കത്തിലെ ഹമ രിയ റൗണ്ട്എബൗട്ടിലൂടെയുള്ള വാഹനഗതാഗതം രാത്രിയോടെ നിർത്തിവെച്ചു. വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങൾ കെട്ടിവലിച്ചാണ് നീക്കിയത്. അമിറാത്ത്-ബോഷർ റോഡും സന്ധ്യയോടെ അടച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായി. ഹൈമ-തുംറൈത്ത് റോഡിലുണ്ടായ ശക്തമായ പൊടിക്കാറ്റ് വാഹനയാത്രികരെ വലച്ചു. വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ബുധനാഴ്ചയിലെ മഴയിലും കാറ്റിലും സുവൈഖ് മത്സ്യ മാർക്കറ്റിെൻറ മേൽക്കൂര തകർന്നുവീണു. മേൽക്കൂരയുടെ പുറം ഭാഗമാണ് തകർന്നതെന്നും മത്സ്യമാർക്കറ്റിെൻറ പ്രവർത്തനത്തെ അത് ബാധിച്ചിട്ടില്ലെന്നും കാർഷിക-ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഖുറമിൽ വാദിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. റുസ്താഖിലെ വാദി ഹൊഖയ്നിൽ 15 വയസ്സുകാരനെ ഒഴുക്കിൽപെട്ട് കാണാതായതായും സിവിൽ ഡിഫൻസ് അറിയിച്ചു. ബാലനുവേണ്ടി വ്യാഴാഴ്ച വൈകീട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. യൻകൽ, ലിവ, അമിറാത്ത് എന്നിവിടങ്ങളിൽ വാദികളിൽ കുടുങ്ങിയ വാഹനങ്ങളിൽപെട്ട കുടുംബങ്ങളെ രക്ഷിച്ചു. ഇവരുടെ വാഹനങ്ങൾ ഒലിച്ചുപോയി.