മത്ര: മത്രയില്‍ മലയാളിയുടെ കട കത്തി നശിച്ചു. മത്ര സൂഖിൽ പഴയ ഹബീബ് ബാങ്ക് കെട്ടിടത്തിന് പുറകുവശത്തായുള്ള പൊന്ന ാനി സ്വദേശി പി.വി.സുബൈറിെൻറ ഗൃഹോപകരണ മൊത്ത വിതരണ സ്ഥാപനമായ അല്ക്വയിസിനാണ് തീപിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
തീപിടിത്തത്തില്‍ കടക്കകത്തുള്ള സാധനങ്ങള്‍ ഏതാണ്ട് പൂർണമായും കത്തിയമര്‍ന്നു. അവശേഷിച്ചവ കരിപുരണ്ടും വെള്ളം നനഞ്ഞും ഉപയോഗ്യശൂന്യമായിട്ടുണ്ട്. സമീപത്ത് ലോഡ് ഇറക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളികളാണ് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. സിവില്‍ ഡിഫന്‍സിെൻറ രണ്ടു വാഹനങ്ങളെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കടയുടെ ഉള്‍വശത്തെ സാധനങ്ങളും ഫര്‍ണിച്ചറുകളും അഗ്നിനാളങ്ങള്‍ വിഴുങ്ങിയിരുന്നു. പതിനായിരക്കണക്കിന് റിയാലിെൻറ നഷ്ടമുണ്ടായതായി കടയുടമ സുബൈറും സഹപ്രവര്‍ത്തക ഫാത്തിമ മുഹമ്മദ് ബലൂഷിയും അറിയിച്ചു.