മസ്കത്ത്: വഴിയരികിൽനിന്ന് കളഞ്ഞുകിട്ടിയ 500 ഒമാനി റിയാലിന് തൃശൂർ സ്വദേശി തോമസിെൻറ മനസ്സിനെ വിലക്കെ ടുക്കാനായില്ല. പ്രാരബ്ധങ്ങൾക്കു നടുവിൽ കഴിയുേമ്പാഴും സത്യസന്ധതക്ക് വിലകൽപിച്ച തോമസ് ഉടമസ്ഥയെ കണ്ടെത്തി പണം തിരികെ കൈമാറി. റൂവി സി.ബി.ഡിയിലെ ഗ്ലോബൽ സോഴ്സ് ട്രേഡിങ്ങിലെ ഒാഫിസ് ബോയ് ആയ തോമസാണ് വഴിയരികിൽനിന്നു കിട്ടിയ പണം തിരികെനൽകി താരമായത്. സത്യസന്ധതക്കുള്ള അംഗീകാരമായി ഗ്ലോബൽ സോഴ്സ് ഗ്രൂപ് മേധാവി ടി.കെ. വിജയൻ 500 റിയാൽ പാരിതോഷികം പ്രഖ്യാപിച്ചത് തോമസിന് ഇരട്ടി മധുരമായി. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. തോമസ് ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ചെറിയ പേപ്പർ കവർ വഴിയിൽ കിടക്കുന്നത് കണ്ടത്. എടുത്ത് നോക്കിയപ്പോഴാണ് പണം കണ്ടത്. ഒരു സ്വദേശി വനിതയുടെ പേര് മാത്രമാണ് കവറിൽ ഉണ്ടായിരുന്നത്.
ഉടമസ്ഥനെ കണ്ടെത്തി പണം നൽകണമെന്ന് പറഞ്ഞ് ഓഫിസിൽ കൊണ്ടുവന്ന് കവർ ഏൽപിച്ചിട്ട് ഊണ് കഴിക്കാൻ പോയി. പരിശോധനയിൽ കവറിൽ മക്ഡൊണാൾഡ്സിെൻറ ലോഗോ കണ്ടെത്തി. അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ അവരുടെ ബമ്പർ മത്സരത്തിൽ സമ്മാനാർഹയായ ആമിനക്ക് കൈമാറിയ പണമാണെന്ന് മനസ്സിലായത്. കൈമോശം വന്നെന്നു കരുതിയ ഭാഗ്യത്തെ കരഞ്ഞുകൊണ്ടാണ് ആമിന വീണ്ടും സ്വീകരിച്ചത്. അവർ തോമസിന് ആ തുകയിൽ ഒരു വിഹിതം ഓഫർ ചെയ്തെങ്കിലും അതു സ്നേഹപൂർവം നിരസിച്ചു. വൈകീട്ട് ഗ്രൂപ് മേധാവി ടി.കെ. വിജയൻ മുൻകൈയെടുത്ത് സംഘടിപ്പിച്ച ആദരിക്കൽ പരിപാടിയിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. സ്വദേശികളും വിദേശികളുമായ സഹപ്രവർത്തകർ അവരവരുടെ കൈയിൽ അപ്പോൾ ഉണ്ടായിരുന്ന തുകയും നൽകി സ്നേഹം പങ്കുവെച്ചു.