മസ്കത്ത്: ഭക്ഷ്യസുരക്ഷ മേഖലയിലെ സുപ്രധാന പദ്ധതികളിൽ ഒന്നായ മസൂൺ ഡയറിയിൽ ബയോഗ്യാസ് പ്ലാൻറ് ഉദ്ഘാടനം ചെയ്തു. ബുറൈമി ഗവർണറേറ്റിലെ അൽ സിനീനയിലെ മസൂൺ ഡയറി ഫാമിെൻറ ഭാഗമായാണ് ബേയാഗ്യാസ് പ്ലാൻറ് നിർമിച്ചത്. ഒമാനിലെയും മേഖലയിലെതന്നെ ആദ്യത്തെയും ബയോഗ്യാസ് പ്ലാൻറാണിത്. 12,000ത്തോളം പശുക്കളുടെ ചാണകത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വാതകം ഫാക്ടറിയിലെ ചില സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനാകും ഉപയോഗിക്കുക. കാർഷിക മത്സ്യവിഭവ മന്ത്രിയും മസൂൻ ഡയറി കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഹമദ് ബിൻ സഇൗദ് ബിൻ സുലൈമാൻ അൽ ഒൗഫിയാണ് പദ്ധതിയുടെ സ്വിച്ച്ഒാൺ നിർവഹിച്ചത്. പാഴ്വസ്തുക്കൾ പരിസ്ഥിതിസൗഹൃദ രീതിയിൽ സംസ്കരിക്കുകയെന്ന കമ്പനിയുടെ നയത്തിെൻറ ഭാഗമായാണ് ഇൗ പദ്ധതി നടപ്പാക്കുന്നത്.
ഇത്ര വിപുലമായ രീതിയിൽ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പശുക്കളുടെ പാഴ്വസ്തുക്കൾ സംസ്കരിക്കുന്ന സാേങ്കതിക വിദ്യ നടപ്പാക്കുന്ന മേഖലയിലെതന്നെ ആദ്യ സംരംഭമാണ് മസൂൻ ഡയറി കമ്പനിയുടേത്. ഇൗ മാസം അവസാനത്തോടെ പ്രവർത്തനമാരംഭിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ മന്ത്രിയും സംഘവും ചുറ്റിക്കണ്ടു. പശുക്കളുടെ ഫാം, അനുബന്ധ പ്ലാൻറുകൾ, കടൽവെള്ള ശുചീകരണ പദ്ധതി എന്നിവയും സന്ദർശിച്ചു. മാലിന്യ സംസ്കരണ വിഷയത്തിൽ പ്രകൃതിസഹൃദ പദ്ധതികളാണ് പിന്തുടരുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. പദ്ധതിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന മീഥേൻ വാതകം ഉപയോഗിച്ച് പ്ലാൻറുകളിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും. ഒന്നാംഘട്ടത്തിൽ 12,000 പശുക്കളുടെ ചാണകമാണ് ഉപയോഗിക്കുക. ഇത്രയും പശുക്കളിൽനിന്ന് ദിവസവും 225 ടൺ ചാണകം ലഭിക്കും.