മസ്കത്ത്: സ്വകാര്യ വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാർഡുകൾ (മുൽക്കിയ) വൈകാതെ കിയോസ്കുകളിൽനിന്ന് ലഭിക്കും. ഒമാൻ ടെല്ലുമായി ചേർന്നാണ് റോയൽ ഒമാൻ പൊലീസ് സ്വയം പ്രവർത്തിപ്പിക്കാവുന്ന കിയോസ്കുകൾ സ്ഥാപിക്കുക. വൈകാതെ വിവിധ മാളുകളിലടക്കം ഇത്തരം കിയോസ്കുകൾ സ്ഥാപിക്കുമെന്ന് ഒമാൻടെൽ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ മസ്കത്തിലെ ആർ.ഒ.പി ബിൽഡിങ്ങിൽ ഒരു ഉപകരണം സ്ഥാപിക്കുകയും ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വൈകാതെ ഇത് മറ്റ് മേഖലകളിലും സ്ഥാപിക്കും.
മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്ട്രേഷൻ പുതുക്കുകയും ഇൻഷുറൻസ് നടപടികൾ പൂർത്തീകരിക്കുകയും ചെയ്യുന്ന വാഹന ഉടമകൾക്ക് ഇത്തരം കിയോസ്കുകൾ വഴി മുൽക്കിയ ലഭിക്കുമെന്ന് ഒമാൻടെൽ അറിയിച്ചു. വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ 2016ലാണ് റോയൽ ഒമാൻ പൊലീസ് അവതരിപ്പിച്ചത്. രജിസ്ട്രേഷൻ കാലാവധി കഴിയുന്നതിന് മുമ്പുള്ള 30 ദിവസ കാലയളവിൽ ഇൗ ആപ്ലിക്കേഷൻ വഴി രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. പിഴയും ഇൗ ആപ്ലിക്കേഷൻ വഴി അടക്കാം. പുതിയ സംവിധാനംകൂടി നിലവിൽ വരുന്നത് വാഹന ഉടമകൾക്ക് ഏറെ അനുഗ്രഹമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.