പ്രതിഭയുടെ വിജയത്തിളക്കവുമായി പവിത്ര
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നടത്തിയ കൾച്ചറൽ ഫെസ്റ്റിൽ അൽ ഗൂബ് ര ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി പവിത്ര നായർ തിളക്കമാർന്ന വിജയം നേടി. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയൻറുകൾ നേടിയത് ഈ കൊച്ചുമിടുക്കിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, മലയാളം കഥ പറയൽ എന്നീ ഇനങ്ങളിൽ പവിത്രക്ക് ഒന്നാംസ്ഥാനം ലഭിച്ചു. മലയാള ഗദ്യ പാരായണം, ചിത്രരചന, കവിത പാരായണം എന്നിവയിൽ രണ്ടാസ്ഥാനവും കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയിൽ മൂന്നാംസ്ഥാനവുമുണ്ട്.
നൃത്തം, അഭിനയം, പ്രശ്നോത്തരി, സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ ഒരുപോലെ പ്രതിഭയറിയിക്കുന്നു എന്നതാണ് പവിത്രയെ വ്യത്യസ്തയാക്കുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗവും കേരളവിഭാഗവും സംഘടിപ്പിച്ചു വരുന്ന പ്രശ്നോത്തരികളിൽ പവിത്രയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രശ്നോത്തരിയിലും ‘ക്വിസ് പോട്ട്’ മത്സരത്തിലും ഈ മിടുക്കി ഒന്നാമതെത്തിയിരുന്നു. മസ്കത്തിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശികളായ ബിജു കെ. നായരുടെയും രേഷ്മയുടെയും മകളായ പവിത്രക്ക് പഠനത്തോടൊപ്പം കലാരംഗത്തെയും ചേർത്തുപിടിക്കാനാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
