മസ്കത്ത്: കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിയാർജിച്ചതായി ദേശ ീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി അറബിക്കടലിെൻറ മധ്യഭാഗത്തേക്ക് നീങ്ങുകയാണ്. മധ്യഭാഗത്ത് കാറ്റിന് മണിക്കൂറിൽ 31 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയാണ് വേഗം. അടുത്ത 24 മണിക്കൂർ സമയത്തിനുള്ളിൽ ഇത് അതി തീവ്രന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം ഞായറാഴ്ച പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. നിലവിൽ ഇന്ത്യയിൽ ഗുജറാത്ത് തീരത്തുനിന്ന് 150 കിലോമീറ്റർ അകലെയും ഒമാനിൽ മസീറ തീരത്തുനിന്ന് 900 കിലോമീറ്റർ അകലെയുമാണ് കാറ്റിെൻറ സ്ഥാനം.
ജനം ഏറ്റവും പുതിയ കാലാവസ്ഥ ബുള്ളറ്റിനുകൾ ശ്രദ്ധിക്കണമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയോ തിങ്കളാഴ്ച രാവിലെയോ അതിതീവ്ര ന്യൂനമർദം രൂപപ്പെടാനാണ് സാധ്യതയെന്ന് അക്യുവെതറിലെ മുതിർന്ന കാലാവസ്ഥ നിരീക്ഷകനായ ജേസൺ നിക്കോളാസ് ട്വിറ്ററിൽ പറഞ്ഞു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിെൻറ സഞ്ചാരം. ഇത് ഒരു ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. എന്നിരുന്നാലും കരയിൽനിന്നുള്ള വരണ്ട വായുവിെൻറ ഫലമായി ബുധനാഴ്ച ഒമാൻ തീരത്തോട് അടുക്കും മുമ്പ് കാറ്റിെൻറ ശക്തി നല്ലതോതിൽ ക്ഷയിക്കാനാണ് സാധ്യതയെന്നും ജേസൺ നിക്കോളാസ് പറഞ്ഞു.