മസ്കത്ത്: സ്കൂൾ ബസിൽ കുടുങ്ങിയ നാലുവയസ്സുകാരി റുസ്താഖ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കിൻറർഗാർട്ടൻ വിദ്യാർഥിനിയായ സ്വദേശി ബാലിക അപകടത്തിൽ പെട്ടത്. അഞ്ചുമണിക്കൂറോളം ബസിനുള്ളിൽ പെട്ട ബാലിക അബോധാവസ്ഥയിലാണിപ്പോഴും. സ്കൂളിലേക്കുള്ള യാത്രാമധ്യേ വിദ്യാർഥിനി ബസിൽ ഉറങ്ങിപ്പോവുകയായിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങപ്പോയെങ്കിലും ഉറങ്ങിക്കിടന്ന ബാലിക ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന അധ്യാപികയുടെയും ശ്രദ്ധയിൽ പെട്ടില്ല. വിദ്യാർഥികളെ ഇറക്കിയ ശേഷം ഡ്രൈവർ ബസുമായി പോയി വീടിനടുത്ത് വെയിലത്ത് നിർത്തിയിട്ട ശേഷം വിശ്രമിക്കാൻ പോയി.
ഇൗ സമയത്ത് കുട്ടി എഴുന്നേറ്റെങ്കിലും ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ തിരിച്ചുകൊണ്ടുപോവാനായി ബസ് എടുക്കാൻ ഡ്രൈവർ വന്നപ്പോഴാണ് ബാലികയെ ഗുരുതരാവസ്ഥയിൽ കണ്ടത്. തുടർന്ന് ഉടൻ റുസ്താഖിലെ ഹെൽത്ത് സെൻററിൽ പ്രഥമിക ശുശ്രൂഷ നൽകി. ശേഷം പ്രധാന ആശുപത്രിയിലേക്ക് കൊണ്ടുവന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിൽ ഒാക്സിജൻ നഷ്ടപ്പെട്ട അവസ്ഥയിലാണ് ബാലികയെന്ന് പിതാവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്ഥിരതയില്ലാത്ത രക്തസമ്മർദം, കുറഞ്ഞ പ്ലേറ്റ്ലെറ്റ് കൗണ്ട് തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. ആശുപത്രിയിൽ പ്ലേറ്റ്ലെറ്റുകൾ നൽകുന്നുണ്ടെങ്കിലും പ്രതികരിക്കാത്ത അവസ്ഥയാണെന്നും റിപ്പോർട്ട് പറയുന്നു.