മസ്കത്ത്: റൂവി എം.ബി.ഡി മേഖല കേന്ദ്രീകരിച്ച് വിനോദ സൗകര്യങ്ങൾ ഒരുക്കുന്നത് മസ് കത്ത് നഗരസഭ പരിഗണിക്കുന്നു. ഇരിക്കാനുള്ള സൗകര്യം, പുൽതകിടിയും ചെടികളും, ഒൗട്ട് ഡോർ ജിം, കുട്ടികൾക്കുള്ള കളിയുപകരണങ്ങളോടെയുള്ള കളിസ്ഥലം, വാക്ക്വേ, പ്രാവുകൾക്ക് തീറ്റ നൽകുന്നതിനുള്ള സ്ഥലം എന്നിവയടങ്ങുന്നതാണ് നഗരസഭയുടെ ആലോചനയിലുള്ള വിനോദ സൗകര്യങ്ങൾ. ഇതോടൊപ്പം സ്വദേശി ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് ട്രക്കുകൾ സജ്ജീകരിക്കുന്നതും പരിഗണനയിലുണ്ട്. എം.ബി.ഡി മേഖലയിൽ വാദിയോട് ചേർന്നുള്ള 6200 സ്ക്വയർ മീറ്റർ സ്ഥലത്ത് ഇൗ സംവിധാനങ്ങൾ സജ്ജീകരിക്കുന്നത് സംബന്ധിച്ച സാധ്യതാപഠനം പൂർത്തിയായതായി നഗരസഭ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ രാവിലെയും വൈകീട്ടും ആളുകൾ നടക്കാൻ ഉപയോഗിക്കുന്ന സ്ഥലമാണ് ഇത്. നടപ്പാതകളിൽ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ ആളുകൾ എത്താറുണ്ട്. റൂവിയിലെ റോഡിനോട് ചേർന്ന ഭാഗത്ത് രാവിലെയും വൈകീട്ടുമെല്ലാം പ്രാവുകൾക്ക് തീറ്റ നൽകുന്നതിന് സ്വദേശികളും വിദേശികളുമായ ആളുകളും എത്താറുണ്ട്. മസ്കത്ത് നഗരസഭ അടുത്തിടെ അമിറാത്തിൽ വാക്വേയും സൈക്ലിങ് പാത്തും നിർമിച്ചിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ശാരീരികവും മാനസികവുമായ വികസനം ലക്ഷ്യമിട്ടാണ് നഗരസഭ വിവിധയിടങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നിർമിക്കുന്നത്.