മസ്കത്ത്: 500 സ്വദേശികൾക്ക് മാനേജീരിയൽ തലങ്ങളിലെ ജോലിക്ക് വേണ്ട പരിശീലനം നൽക ാൻ മാനവവിഭവ ശേഷി മന്ത്രാലയം ധാരണപത്രം ഒപ്പുവെച്ചു. മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയും ‘തകാതുഫ് ഒമാൻ’ മാനേജിങ് ഡയറക്ടർ ഇബ്രാഹീം മുഹമ്മദ് അൽ ഹാർത്തിയുമായാണ് ധാരണപത്രം ഒപ്പിട്ടത്. സ്വകാര്യ മേഖലയിലെ മിഡിൽ, അപ്പർ അഡ്മിനിസ്ട്രേഷൻ തല ജോലികൾക്ക് ഒമാനികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് മാനവ വിഭവശേഷി വകുപ്പ് ആവിഷ്കരിച്ച ദേശീയ നേതൃ പരിശീലന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നൽകുന്നത്.
പരിശീലനത്തിനു ശേഷം സ്വകാര്യ മേഖലയിലെ വിവിധ മാനേജ്മെൻറ് തസ്തികകളിൽ വിദേശികൾക്കു പകരം ഇവരെ നിയമിക്കാനാണ് പദ്ധതി. വിവിധ മാനേജർ തസ്തികകളിൽ പുതിയ വിസ അനുവദിക്കില്ലെന്നും നിലവിലുള്ളവ പുതുക്കി നൽകില്ലെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ക്ലാസുകൾ, പ്രാക്ടിക്കൽ പരിശീലനങ്ങൾ, തൊഴിൽ പരിശീലനങ്ങൾ എന്നിവയാണ് ഉണ്ടാവുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഡോ. അമൽ ഒബൈദ് അൽ മുജൈനി പറഞ്ഞു.