നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് വീട്ടുജോലിക്കാർക്കും
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയിലെ വിദേശികളടക്കം ജീവനക്കാർക്കായി സർക്കാർ നടപ്പാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വീട്ടുജോലിക്കാർക്കും പ്രത്യേക പോളിസി ആവിഷ്കരിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഇൻഷുറൻസ് (സി.എം.എ) വിഭാഗം വൈസ് പ്രസിഡൻറ് അഹമ്മദ് അലി അൽ മഅ്മരി. വേണ്ടസമയത്ത് താങ്ങാൻ കഴിയുന്ന നിരക്കിലുള്ള ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്നതാകും ഇൗ ഇൻഷുറൻസ് പരിരക്ഷ. സ്വകാര്യമേഖലയിൽ നടപ്പാക്കാനൊരുങ്ങുന്ന ഇൻഷുറൻസ് പദ്ധതി ‘ധമാനി’യുടെ പ്രചാരണാർഥം ദാഖിലിയ ഗവർണറേറ്റിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് അഹമ്മദ് അലി അൽ മഅ്മരി ഇക്കാര്യം അറിയിച്ചത്.
നിലവാരവും അനുയോജ്യമായ ചെലവും ഉറപ്പാക്കുന്ന വീട്ടുജോലിക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ‘ധമാനി’ക്ക് ഒപ്പമാകും നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ദാഖിലിയ യൂനിറ്റും ചേർന്ന് ബിസിനസുകാർക്കും കമ്പനികളുടെ പ്രതിനിധികൾക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ സ്വദേശികൾക്കും വിദേശികൾക്കും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർബന്ധിത ഇൻഷുറൻസ് പദ്ധതി സർക്കാർ നടപ്പാക്കുന്നതെന്ന് സി.എം.എ ഇൻഷുറൻസ് വൈസ് പ്രസിഡൻറ് പറഞ്ഞു.
സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് പുറമെ അവരുടെ പങ്കാളിയെയും 21 വയസ്സിൽ താഴെയുള്ള കുട്ടികളെയും ഉൾപ്പെടുത്തിയുള്ളതാണ് ഇൻഷുറൻസ് പദ്ധതി. ഇതോടൊപ്പം ഒമാനിൽ എത്തുന്ന സന്ദർശകർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒൗട്ട്പേഷ്യൻറ്, ഇൻപേഷ്യൻറ് രോഗികൾക്ക് അടിസ്ഥാന ആരോഗ്യപരിചരണം ഉറപ്പുനൽകുന്നതാണ് പദ്ധതി. അടിയന്തര സാഹചര്യങ്ങൾ, ചികിത്സ, മരുന്നുകളുടെ ചെലവ് എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് അടുത്തിടെ പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ആരോഗ്യമേഖലയുടെ നിലവാരം മെച്ചപ്പെടുത്താൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സഹായിക്കുമെന്ന് അഹ്മദ് അലി അൽ മഅ്മരി പറഞ്ഞു. കൂടുതൽ നിലവാരമുള്ള ആരോഗ്യസ്ഥാപനങ്ങളും വിദഗ്ധരും നൂതന ചികിത്സാസംവിധാനങ്ങളും എത്താനും അതുവഴി ഒമാനിലെ ആരോഗ്യ സംവിധാനത്തിെൻറ വ്യാപനത്തിനും ഇത് സഹായകരമാകും. രാജ്യത്തിന് പുറത്ത് ചികിത്സ തേടേണ്ട സാഹചര്യങ്ങളും ഇത് ഇല്ലാതാക്കും. ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്ക് കൂടുതൽ സ്വകാര്യ കമ്പനികൾ കടന്നുവരും. അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും അഹ്മദ് അലി അൽ മഅ്മരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
