മസ്കത്ത്: 2022ലെ ഖത്തർ ലോകകപ്പിൽ ഒമാൻ സഹ ആതിഥേയത്വം വഹിക്കില്ലെന്ന് ഒമാൻ വിദേശ കാര്യ മന്ത്രി യൂസുഫ് ബിൻ അലവി. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ് ങൾക്ക് മതിയായ സമയം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് സി.എൻ.എൻ റിപ്പോർട്ടിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിരവധി തവണ ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നതായും ആതിഥേയത്വം വഹിക്കാൻ തങ്ങൾ തയാറല്ലെന്ന ഒരൊറ്റ മറുപടിയാണ് ഇതിന് നൽകാനുള്ളതെന്നുമായിരുന്നു ലോകകപ്പ് ആതിഥേയത്വം സംബന്ധിച്ച സി.എൻ.എൻ റിപ്പോർട്ടറുടെ ചോദ്യത്തിന് യൂസുഫ് ബിൻ അലവിയുടെ മറുപടി.
ഖത്തറിനാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചത്. അത് അവിടെത്തന്നെ നടക്കുന്നതാണ് നല്ലത്. ഭാവിയിൽ ഇത്തരം ഒരു വലിയ മത്സരത്തിന് ഒരുങ്ങാൻ കഴിഞ്ഞാൽ ആതിഥേയത്വം വഹിക്കാൻ തങ്ങൾക്ക് സന്തോഷമേ ഉള്ളൂവെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു. 2022 ലോകകപ്പ് മുതൽ പെങ്കടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയർത്തുന്നതിനുള്ള ആലോചനയിലാണ് ഫിഫ. അധികം വരുന്ന മത്സരങ്ങൾ ഒമാനിലും കുവൈത്തിലുമായി നടത്താനാണ് ഫിഫ ആലോചിക്കുന്നതെന്നും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഫിഫ പ്രസിഡൻറ് മാർച്ച് മൂന്നിന് ഒമാനിലെത്തി ഉപപ്രധാനമന്ത്രി സയ്യിദ് അസദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോകകപ്പിന് സഹ ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ വലിയ സ്റ്റേഡിയം നിർമിക്കുന്നതാകും ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ മേധാവി സാലിം അൽ വഹൈബിയെ ഉദ്ധരിച്ച് റോയിേട്ടഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 40,000 പേർക്ക് ഇരിക്കാനാകുന്ന സ്റ്റേഡിയം വേണമെന്നതാണ് ഫിഫയുടെ മാനദണ്ഡം. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ പരമാവധി 29,000 പേർക്കാണ് ഇരിക്കാൻ സാധിക്കുക.