ഒമാൻ വ്യോമമേഖലയിൽ വിമാനങ്ങൾ വർധിച്ചു
text_fieldsമസ്കത്ത്: ഒമാൻ ആകാശത്തിലൂടെ കടന്നുപോകുന്ന വിമാനങ്ങളുടെ എണ്ണത്തിൽ വർധന. സംഘർഷത്തെ തുടർന്ന് പാകിസ്താൻ പൂർണമായും ഇന്ത്യ ഭാഗികമായും തങ്ങളുടെ വ്യോമമേഖല അടച്ചതോടെയാണ് അന്താരാഷ്ട്ര സർവിസുകൾക്കായി ഒമാൻ തങ്ങളുടെ വ്യോമമേഖല തുറന്നുനൽകിയത്. 24 മണിക്കൂറിനിടെ മുപ്പത് ശതമാനം അധിക വിമാനങ്ങളാണ് ഒമാൻ വ്യോമമേഖല ഉപയോഗിച്ചതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്ച രാവിലെ ട്വിറ്ററിൽ അറിയിച്ചു. ഒമാൻ വ്യോമമേഖലയുടെ കിഴക്കുഭാഗം ഉപയോഗിക്കുന്ന വിമാനങ്ങളുടെ എണ്ണത്തിലാണ് വർധന. വർധിച്ച തോതിലുള്ള അന്താരാഷ്ട്ര വിമാന സർവിസുകളുടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്താൻ മസ്കത്തിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗം സുസജ്ജമാണെന്നും അതോറിറ്റി അറിയിച്ചു.
അസാധാരണ സാഹചര്യം നേരിടാൻ മികവുറ്റരീതിയിൽ പ്രവർത്തിക്കുന്ന എയർട്രാഫിക് കൺട്രോളർമാർ, എൻജിനീയർമാർ, സാേങ്കതിക വിദഗ്ധർ തുടങ്ങിയവരെ അനുമോദിക്കുന്നതായി അതോറിറ്റി ചെയർമാൻ മുഹമ്മദ് ബിൻ നാസർ അൽ സാബി പറഞ്ഞു. വ്യോമമേഖല അടച്ചതിനെ തുടർന്ന് ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള നിരവധി വിമാനങ്ങൾക്കാണ് ഗതി മാറ്റേണ്ടിവന്നത്. വ്യോമമേഖല പൂർണമായും അടച്ച പാകിസ്താനിലേക്കുള്ള വിമാനങ്ങൾ പൂർണമായും വിവിധയിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ചില വിമാനങ്ങൾ ഒമാനിലും ലാൻഡ് ചെയ്തിരുന്നു. ഒമാനിൽനിന്നുള്ള വിമാന സർവിസുകൾ പൂർണമായും നിർത്തലാക്കിയതോടെ പാകിസ്താനിലേക്കുള്ള യാത്രക്കാർ ദുരിതത്തിലാണ്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവിസുകൾ അനിശ്ചിതമായി വൈകുന്ന സാഹചര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
