മസ്കത്ത്: രക്തദാനവും രക്ത കൈമാറ്റവും ഇനി കൂടുതൽ സുരക്ഷിതമാകും. രക്ത സാമ്പിളു കളിലെ ഹെപ്പറ്റൈറ്റിസ് ബി-സി, എയ്്ഡ്സ് വൈറസ് ബാധകൾ കണ്ടെത്താൻ സാധിക്കുന്ന ന്യൂ ക്ലിക് ആസിഡ് ടെസ്റ്റിങ് (നാറ്റ്) സംവിധാനം ഒമാൻ ആരോഗ്യമന്ത്രാലയം അവതരിപ്പിച്ചു. കൈമാറ്റം ചെയ്യുന്ന രക്തത്തിെൻറ സുരക്ഷ ഉറപ്പുവരുത്താൻ നിലവിൽ 10 ലേബാറട്ടറി ടെസ്റ്റുകളാണ് നടത്തുന്നത്. ഇവക്കൊപ്പം ഇനി ‘നാറ്റ്’ ടെസ്റ്റുകൂടി നടത്തിയ ശേഷമാകും രക്തസാമ്പിളുകൾ കൈമാറുക. ബ്ലഡ്ബാങ്ക് സർവിസസ് ഡിപ്പാർട്മെൻറിെൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം നടന്ന പരിപാടിയിലാണ് ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തത്. ഹെൽത്ത് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസ്നിയുടെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
സുരക്ഷിതമായ രക്തം ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയം കൈകൊണ്ടുവരുന്ന നടപടികളിൽ അവസാനത്തേതാണിതെന്ന് ബ്ലഡ് ബാങ്ക് സർവിസസ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഡോ. സൈനബ് അൽ അറൈമി പറഞ്ഞു. ഏറ്റവും നൂതനമായ പരിശോധനയാണ് ‘നാറ്റ്’. 50,000 റിയാൽ ചെലവിട്ടാണ് ഇൗ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. സെൻട്രൽ ബ്ലഡ് ബാങ്കിൽ സ്ഥാപിച്ച പരിശോധന സംവിധാനത്തിലേക്ക് രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽനിന്ന് രക്തസാമ്പിളുകൾ എത്തിക്കുകയാണ് ചെയ്യുക. നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കാനുള്ള വെല്ലുവിളി രക്തബാങ്കുകളുടെയും റോയൽ എയർഫോഴ്സിെൻറയും സഹകരണത്തോടെയാണ് മറികടന്നത്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി, മസീറ, ദിബ്ബ ആശുപത്രി എന്നിവിടങ്ങളിൽനിന്ന് സാമ്പിളുകൾ എത്തിക്കുന്നതിൽ എയർഫോഴ്സ് നൽകുന്ന സഹായം വിലമതിക്കാൻ കഴിയാത്തതാണെന്നും ഡോ. സൈനബ് പറഞ്ഞു.