താമസമേഖലകളിൽ വ്യവസായ പ്രവർത്തനങ്ങൾ അനുവദിക്കില്ല
text_fieldsമസ്കത്ത്: താമസ മേഖലകളിൽ വ്യവസായിക-വാണിജ്യ പ്രവർത്തനങ്ങൾ പാടില്ലെന്ന് മസ് കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. നഗരത്തിലെ വിവിധ താമസ മേഖലകളിൽനിന്ന് ഇത്തരം അനധികൃത പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകൾ, വെയർഹൗസുകൾ, ഗാരേജുകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. നഗരസഭ നിയമങ്ങളുടെ ലംഘനത്തിനൊപ്പം ഇത്തരം സ്ഥാപനങ്ങൾ പ്രദേശവാസികൾക്കും ശല്യമാണ്. നിയമലംഘകർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ജനറൽ ഡയറക്ടറേറ്റിലെ വക്താവ് പറഞ്ഞു. നിയമലംഘനം റിപ്പോർട്ട് ചെയ്യപ്പെട്ട വാദികബീർ അടക്കം മസ്കത്ത് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ച നഗരസഭ ഉദ്യോഗസ്ഥർ ആർ.ഒ.പി സഹകരണത്തോടെ പരിശോധന നടത്തിയിരുന്നു.
താമസത്തിനു മാത്രം ഉപയോഗിക്കാവുന്ന കെട്ടിടത്തിൽ അനധികൃതമായി പ്ലമ്പിങ് ഇടപാടുകൾ നടത്തിയവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും നഗരസഭ വക്താവ് പറഞ്ഞു. പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന വർക്ഷോപ്പുകൾ, ഫാക്ടറികൾ, ക്രഷറുകൾ, കെട്ടിട നിർമാണ സാമഗ്രി വിൽപനയും ശേഖരണവും തുടങ്ങിയവ താമസകേന്ദ്രങ്ങൾക്ക് അടുത്ത് സ്ഥാപിക്കാൻ പാടില്ലെന്നാണ് നഗരസഭാ നിയമത്തിലെ 115ാം വകുപ്പ് നിർദേശിക്കുന്നത്. കെട്ടിട പെർമിറ്റിൽ രജിസ്റ്റർ ചെയ്ത ആവശ്യത്തിന് മാത്രമാണ് കെട്ടിടങ്ങളും വസ്തുവകകളും ഉപയോഗിക്കാവൂ. നിയമങ്ങൾ കണക്കിലെടുക്കാതെ താമസയിടങ്ങളിൽ വെയർഹൗസുകളും പ്രവർത്തിക്കുന്നതായി റൂവി, വാദികബീർ, മത്ര തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പരാതികളുയർന്നത്. നഗരസഭ, ഭവനനിർമാണ വകുപ്പുമായി ചേർന്ന് വസ്തുവകകൾ എന്ത് ആവശ്യത്തിനാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന വസ്തുത പരിശോധിച്ചുവരുകയാണ്. ശേഷം നിയമലംഘകർക്കെതിരെ നടപടിയെടുക്കും. കെട്ടിടങ്ങൾ സ്ഥാപനങ്ങളുടെ ആവശ്യത്തിനായി രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. നഗരസഭ അനുമതിയില്ലാത്ത രൂപമാറ്റം നിയമവിരുദ്ധവുമാണ്. താമസമേഖലകളിൽ വ്യവസായിക പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഇത്തരം സ്ഥാപനങ്ങൾ അതിനായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടതെന്നും നഗരസഭാ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
