മസ്കത്ത്: ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ എന്നത് മാത്രമാണ് സാ ധ്യമായ പരിഹാരമെന്നും ഒമാൻ ഇതിനാണ് പിന്തുണ നൽകുകയെന്നും ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി മോസ്കോയിൽ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് അലവി ഇക്കാര്യം പറഞ്ഞതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഇസ്രായേലുമായുള്ള ഒമാെൻറ ബന്ധം സാധാരണ നിലയിലായിട്ടില്ല.
മാതൃ രാജ്യം സ്ഥാപിക്കുന്നതിന് ഫലസ്തീന് നൽകുന്ന പിന്തുണ ഒമാൻ തുടരും. പ്രശ്നപരിഹാരത്തിന് ഇസ്രായേലുമായി ഒമാൻ ആർക്കുവേണ്ടിയും കൂടിയാലോചന നടത്തിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. സിറിയൻ പ്രശ്നപരിഹാരത്തിൽ റഷ്യക്ക് നിർണായക പങ്കാളിത്തമാണ് ഉള്ളത്. സ്ഥാപകാംഗമായ സിറിയ അറബ്ലീഗിലേക്ക് നിർബന്ധമായും തിരിച്ചുവരേണ്ടതുണ്ടെന്നും യൂസുഫ് ബിൻ അലവി കൂട്ടിച്ചേർത്തു. യമനിൽ പരസ്പരം പോരടിക്കുന്നവർ തമ്മിൽ കൂടിയാലോചനകൾ നടത്തണമെന്ന നിലപാടാണ് ഒമാനും റഷ്യക്കും ഉള്ളതെന്ന് സെർജി ലാവ്റോവ് പറഞ്ഞു. അക്രമങ്ങൾ അവസാനിപ്പിച്ച ശേഷം കൂടിയാലോചനകൾ തുടരണമെന്നും ലാവ്റോവ് കൂട്ടിച്ചേർത്തു.