മസ്കത്ത്: പുരസ്കാര നിറവിൽ ഒമാൻ എയർ. ജി.സി.സി രാഷ്ട്രങ്ങളിലെ 10 മുൻനിര സ്ഥാപ നങ്ങൾക്കായി ഷാർജ ചേംബർ ഒാഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നൽകിവരുന്ന പുരസ്കാര മാണ് ദേശീയ വിമാന കമ്പനിക്ക് ലഭിച്ചത്. ഷാർജ എക്സ്പോ സെൻററിൽ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ എൻജിനീയർ അബ്ദുൽ അസീസ് അൽ റൈസി പുരസ്കാരം ഏറ്റുവാങ്ങി.
2017ലാണ് ഷാർജ ചേംബർ ടോപ് 10 ജി.സി.സി ബിസിനസ് പുരസ്കാരം ഏർപ്പെടുത്തിയത്. ജി.സി.സി രാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്തുകയും അതുവഴി ജി.സി.സി സമ്പദ്ഘടനയുടെ വികസനത്തിന് ഇത്തരം സ്ഥാപനങ്ങൾ മുന്നിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് പുരസ്കാരത്തിെൻറ ലക്ഷ്യം. വിശിഷ്ടമായ ഇൗ പുരസ്കാരത്തിലൂടെ ഒമാൻഎയറിന് പുതിയ വർഷത്തിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്ന് സി.ഇ.ഒ എൻജിനീയർ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു. ഒമാെൻറ വൈവിധ്യങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയതിന് ലഭിച്ച അംഗീകാരമാണ് അവാർഡെന്നും സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞവർഷം സെവൻ സ്റ്റാർ ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആൻഡ് ഹോസ്പിറ്റാലിറ്റി അവാർഡ്, ഏവിയേഷൻ ബിസിനസ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഒമാൻ എയറിന് ലഭിച്ചിരുന്നു. എട്ട് പുതിയ വിമാനങ്ങളും ഒമാൻ എയർ നിരയിലേക്ക് എത്തി. തുർക്കിയിലെ ഇസ്തംബൂൾ, മൊറോക്കോയിലെ കാസാബ്ലാങ്ക, മോസ്കോ എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുകയും ചെയ്തു.