മസ്കത്ത്: കുറഞ്ഞ വരുമാനക്കാരായ വിദേശ തൊഴിലാളികൾക്കായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നാല് പ്രത്യേക നഗരങ്ങൾ നിർമിക്കുന്നു. ബി.ബി.എച്ച് ഗ്രൂപ്പാണ് ഇവ നിർമിക്കുക. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുന്ന ഇവിടെ മൊത്തം 40,000 പേർക്ക് താമസ സൗകര്യമുണ്ടാകും.
ബ്ലൂകോളർ ജോലിക്കാരുടെ താമസസ്ഥലം എന്നതിനൊപ്പം അവർക്ക് വിനോദസൗകര്യങ്ങളും ഇവിടെയുണ്ടാകുമെന്ന് ബി.ബി.എച്ച് ഗ്രൂപ് ചെയർമാൻ ഡോ. ഖാലിദ് അൽ മതാനി അറിയിച്ചു. മസ്കത്തിൽ റുസൈൽ വ്യവസായ മേഖലയിൽ നിർമിക്കുന്ന ജോലിക്കാർക്കായുള്ള ലോജിസ്റ്റിക്സ് നഗരത്തിെൻറ പ്രഖ്യാപനം കഴിഞ്ഞദിവസം നടന്നു. സുഹാർ, സലാല, ദുകം എന്നിവിടങ്ങളിലും സംയോജിത നഗരങ്ങൾ നിർമിക്കും. ഒരുസ്ഥലത്ത് 10,000 പേർക്കുള്ള താമസസൗകര്യമാകും ഉണ്ടാവുക. റുസൈലിൽ പദ്ധതിയുടെ ആദ്യഘട്ടം ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.
11 മാസം സമയമെടുത്ത് 4500 പേർക്കുള്ള താമസസൗകര്യമാണ് പൂർത്തിയായത്. വിവിധ കെട്ടിടങ്ങളിലായി 850 മുറികളാണുള്ളത്. കെട്ടിടങ്ങളുടെ ഒാരോ നിലയിലും തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളുമുണ്ടാകും. മിനിമാൾ, ഫാർമസി, കോഫിഷോപ്പ് തുടങ്ങിയവ നിർമിക്കാൻ 24 വിവിധോദ്ദേശ്യ വെയർഹൗസുകളുടെ നിർമാണവും പൂർത്തിയാക്കി. 10,000 തൊഴിലാളികളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള രണ്ടാംഘട്ട നിർമാണം അടുത്തവർഷം പൂർത്തിയാക്കും. എക്സ്പ്രസ്വേയിൽ സ്ഥിതിചെയ്യുന്ന ലോജിസ്റ്റിക്സ് നഗരം സൂർ, നിസ്വ റോഡുകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഒറ്റക്ക് താമസിക്കുന്ന വിദേശ തൊഴിലാളികൾക്കായി വൻകിട താമസസമുച്ചയം നിർമിക്കുമെന്ന് മസ്കത്ത് നഗരസഭ 2017ൽ പ്രഖ്യാപിച്ചിരുന്നു. ബോഷർ, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്.