നാട്ടിൻപുറത്തെ കല്യാണവീടൊരുക്കി ഒാവർസീസ് കണ്ണൂർ സിറ്റി സംഗമം
text_fieldsമസ്കത്ത്: വാദി കബീർ ഇബ്നുഖൽദൂൻ സ്കൂളിന് കഴിഞ്ഞദിവസം കണ്ണൂരിലെ കല്ല്യാണവീടിെൻറ പ്രതീതിയായിരുന്നു. ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മയുടെ (ഒ.കെ.സി.കെ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അംഗങ്ങളുടെ ഒത്തുചേരൽ പരിപാടിയാണ് വേറിട്ടതായത്. ആചാരപ്രകാരം പനിനീർ കുടഞ്ഞ് അതിഥികളെ സ്വീകരിക്കുകയും സിറ്റിയുടെ തനത് പാനീയമായ പാലൂദ നൽകി സൽക്കരിച്ചിരുത്തുകയും ചെയ്തു. കൈമുട്ടിപ്പാട്ടിെൻറയും കോൽക്കളിയുടെയും അകമ്പടിയോടെ പ്രതീകാത്മകമായി പുതിയാപ്പിളയെ ആനയിച്ചുകൊണ്ടുവന്നു. സ്ത്രീ കൂട്ടായ്മ സിറ്റിയുടെ സൽക്കാര വിഭവങ്ങളിൽപ്പെട്ട മുട്ടമാലയും മുട്ടാപ്പവും പഴംപൊരിയും സമൂസയുമൊക്കെ അതിഥികൾക്കായി ഒരുക്കിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ട്, ബാസ്കറ്റ്ബാൾ, കമ്പവലി, ലെമൺ സ്പൂൺ കായികമത്സരങ്ങളും നൃത്തം, ഒപ്പന, പാട്ട്, പ്രസംഗം എന്നിവ സംഗമത്തിന് പത്തര മാറ്റ് കൂട്ടി.
കൂട്ടായ്മയിലെ കലാകാരന്മാരായ ഷെഫീക്ക് ചാലാട്, ഷബീർ മത്ര, നിസാം കരീം മത്ര, ഷാജഹാൻ അൽ കാമിൽ എന്നിവർ ഗാനമാലപിച്ചു. എസ്.എം പബ്ലിക്കേഷൻസ് കണ്ണൂർ സിറ്റി പ്രസിദ്ധീകരിച്ച സംസം സ്പെഷൽ പതിപ്പ് ഐ.സി.എം ജനറൽമാനേജർ അമീർ സാഹിബ് ഒ.കെ.സി.കെ വൈസ് പ്രസിഡൻറ് അൻവർ മത്രക്ക് നൽകി പ്രകാശനം ചെയ്തു. ഹാരിസ് ഓടൻ ആമുഖപ്രഭാഷണം നടത്തി. ഷംസു മാടപ്പുര അധ്യക്ഷത വഹിച്ചു. ഇവൻറ് കൺവീനർ പി.വി. ഫൈസൽ സംഗമം അവലോകനം ചെയ്തു. സ്ത്രീ കൂട്ടായ്മയിലെ വളൻറിയർമാർക്കും രുചിക്കൂട്ടുകൾ ഒരുക്കിയ 24 സ്ത്രീകൾക്കുമുള്ള ഉപഹാരങ്ങൾ റസിയ ഹാരിസ്, സുഫൈറ ടീച്ചർ എന്നിവർ വിതരണം ചെയ്തു. സിദാബ് ടൂർസ് നൽകുന്ന ഡോൾഫിൻ വാച്ച് കൂപ്പൺ നറുക്കെടുപ്പിൽ നൗഷാദ് കല്ലിങ്കൽ, നൗഷാദ് സെവൻ ഡേയ്സ്, ഷുഹൈബ് വാഴക്കുളങ്കര എന്നിവർക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. ഇർഷാദ് മഠത്തിൽ സ്വാഗതവും ജുനൈദ് മൈതാനപ്പള്ളി നന്ദിയും പറഞ്ഞു. ഷഫീക്ക് പള്ളിക്കണ്ടി സൂർ, ഫൈറൂസ് താണ സൊഹാർ എന്നിവർ കായിക-വിനോദ പരിപാടികളുടെ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
