മസ്കത്ത്: വീടുകൾ കയറിയിറങ്ങിയുള്ള കച്ചവടം (ഡോർ ടു ഡോർ സെയിൽസ്) നിരോധിച്ച് ഉ പഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഉപഭോക്താവ് ആവശ്യപ്പെ ടാതെ സാധനങ്ങളും സേവനങ്ങളും നൽകുന്നതിന് വീടുകളും താമസ സമുച്ചയങ്ങളും സന്ദർശിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അതോറിറ്റി ചെയർമാൻ ഡോ. സൈദ് ബിൻ ഖാമിസ് അൽ ഖാബി പുറപ്പെടുവിച്ച 10/2019ാം നമ്പർ ഉത്തരവിെൻറ ആദ്യ വകുപ്പ് പറയുന്നു. നിയമലംഘകരിൽ നിന്ന് പിഴ ഇൗടാക്കുമെന്ന് നിയമത്തിെൻറ രണ്ടാം വകുപ്പിൽ ചൂണ്ടികാണിക്കുന്നു. കുറഞ്ഞ പിഴ 200 റിയാലും പരമാവധി പിഴ ആയിരം റിയാലുമാണെന്ന് ഉത്തരവ് പറയുന്നു.
നേരത്തേ നിലവിലുണ്ടായിരുന്ന 258/2015ാം നമ്പർ ഉത്തരവ് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. പുതിയ ഉത്തരവ് മലയാളികൾ അടക്കമുള്ളവരെ ബാധിക്കാനിടയുണ്ട്. മത്രയിലും മറ്റും വീടുകൾ കയറിയിറങ്ങി കച്ചവടം നടത്തുന്ന മലയാളികൾ നിരവധിയാണ്. മത്സ്യക്കച്ചവടമാണ് ഇതിൽ പലരും ചെയ്യുന്നത്. പെർഫ്യൂമുകൾ, വാച്ചുകൾ തുടങ്ങിയവ കച്ചവടം ചെയ്യുന്നവരും ഉണ്ട്. മലയാളികൾക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ് സ്വദേശികളും ഇൗ രംഗത്തുണ്ട്. പ്രധാനമായും ഫ്രീ വിസയിൽ ജോലി ചെയ്യുന്നവരാണിവർ.