മസ്കത്ത്: എയർബസ് 320 നിയോ വിമാനം സ്വന്തമാക്കുന്ന മിഡിലീസ്റ്റിലെ കമ്പനികളിലൊ ന്നായി സലാം എയറും. ഒമാനിൽ ആദ്യമായി ഇത്തരം വിമാനം സർവിസിന് ഉപയോഗിക്കുന്നതും സലാം എയറാണ്. ഒമാനിലെ പ്രധാന വിനോദസഞ്ചാര ആകർഷണ കേന്ദ്രമായ ‘വാദി ശാബ്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വിമാനക്കമ്പനിയുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഉപഭോക്താക്കളാണ് ഇൗ പേര് തെരഞ്ഞെടുത്തത്. ഒമാെൻറ പ്രഥമ ബജറ്റ് എയർലൈനായ സലാം എയർ പുതിയ യാത്രാകേന്ദ്രങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായും ഉപഭോക്താക്കൾക്ക് സവിശേഷ സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ‘വാദി ശാബ്’ തങ്ങളുടെ ശൃംഖലയിൽ ഉൾപ്പെടുത്തിയത്. 2019 ആദ്യ പാദത്തിൽ അഞ്ച് എയർബസ് 320 നിയോ കൂടി സലാം എയർ പുറത്തിറക്കും.
മേഖലയിൽ വളർച്ച കൈവരിച്ചുെകാണ്ടിരിക്കുന്ന വിമാനക്കമ്പനി എന്ന നിലയിൽ എയർബസ് 320 നിയോയുടെ ഉൾപ്പെടുത്തൽ മേഖല സർവിസുകൾ വ്യാപിപ്പിക്കുന്നത് തുടരാൻ കമ്പനിയെ സഹായിക്കുമെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് പറഞ്ഞു. എ 320നെ അപേക്ഷിച്ച് എ 320 നിയോക്ക് ശബ്ദം കുറവും ഇന്ധനക്ഷമത കൂടുതലുമാണ്. കാർബൺ ബഹിർഗമനവും നിയോക്ക് താരതമ്യേന കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.മസ്കത്ത്, സലാല, സോഹാർ, ദുബൈ, ദോഹ, ജിദ്ദ, കറാച്ചി, മൾട്ടാൻ, സിയാൽകോട്ട്, ഷിറാസ്, കാഠ്മണ്ഡു, ഖർത്തൂം, ധാക്ക എന്നിങ്ങനെ 13 വിമാനത്താവളങ്ങളിലേക്കാണ് നിലവിൽ സലാം എയർ സർവിസ് നടത്തുന്നത്.