മസ്കത്ത്: ആത്മീയത മനുഷ്യനെ സന്മാർഗത്തിലേക്ക് നയിക്കുന്നുവെന്നും എന്നാൽ, ആത്മീയ ജീ ർണതകൾ വർധിക്കുന്നുണ്ടെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. ആത്മീയ ജീർണതകളെ ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. ശ്ലൈഹീക സന്ദർശനത്തിനും ഗാലായിൽ സെൻറ് മേരീസ് ഇടവക നിർമിച്ച പുതിയ ദേവാലയത്തിെൻറ സമർപ്പണശുശ്രൂഷക്കുമായി ഒമാനിലെത്തിയ ബാവ മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നിർവഹിക്കുകയായിരുന്നു. പരസ്പര സ്നേഹവും ആർദ്രതയും അപരെൻറ വേദനകളിൽ അവരോട് താദാത്മ്യം പ്രാപിക്കാനുള്ള മനസ്സും നമ്മിലുണ്ടാകണം. സമാധാനത്തിെൻറയും സഹിഷ്ണുതയുടെയും പാത പിന്തുടരണം. നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക് നല്ല ശീലങ്ങളും മാതൃകകളും മാതാപിതാക്കൾ പകർന്നുനൽകണമെന്നും ബാവ ഉദ്ബോധിപ്പിച്ചു.
റൂവി സെൻറ് തോമസ് ചർച്ചിൽ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റമോസ്, ഇടവക വികാരി ഫാ. പി. മത്തായി, ഭദ്രാസന സെക്രട്ടറി ഫാ. ജെയിംസ് ഗീവർഗീസ്, അസോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗീസ്, ഇടവക ട്രസ്റ്റി ബിജു പരുമല എന്നിവർ സംസാരിച്ചു. മുൻ വികാരിമാരായ ഫാ. ജോജി ജോർജ്, ഫാ. ബിനു ജോൺ തോമസ്, ഫാ. സി.എസ്. മാത്യു, ഇടവക സെക്രട്ടറി ബിനു കുഞ്ചാറ്റിൽ, കോ-ട്രസ്റ്റി ജാബ്സൺ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. സി. തോമസ്, ബോബൻ മാത്യു തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഇടവകയുടെ കാതോലിക്കാദിന വിഹിതം, മലങ്കര സഭയുടെ വിധവ പെൻഷൻ പദ്ധതിക്കുള്ള സഹായനിധി എന്നിവ ബാവക്ക് കൈമാറി. ഇടവകയുടെ മൊബൈൽ ആപ്ലിക്കേഷെൻറ ലോഞ്ചിങ്ങും ബാവ നിർവഹിച്ചു. ജൂനിയർ ക്വയർ കാതോലിക്കാ മംഗളഗാനം ആലപിച്ചു.