മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം സംഘടിപ്പിച്ച ‘എെൻറ കേരളം എെൻറ മലയാളം’ പ്രശ്നോത്തരിയിൽ വിദ്യാർഥികൾ ആവേശത്തോടെ പെങ്കടുത്തു. പ്രവാസി വിദ്യാർഥികളില്‍ മലയാളത്തിനോടും സാഹിത്യത്തോടും അഭിരുചി വർധിപ്പിക്കുന്നതിനായി ഇത് 16ാം തവണയാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. ഒമാനിലെ വിവിധ വിദ്യാലയങ്ങളില്‍നിന്ന് 600ല്‍ പരം കുട്ടികള്‍ പ്രശ്നോത്തരിയില്‍ പങ്കെടുത്തു. ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽനിന്നാണ് കൂടുതൽ പേർ പെങ്കടുത്തത്. കുട്ടികളുടെ മാസിക ‘തത്തമ്മ’യുടെ എഡിറ്ററും പ്രശസ്ത സാഹിത്യകാരനുമായ നാരായണൻ കാവുമ്പായി ആണ് പ്രശ്നോത്തരി നയിച്ചത്. രാവിലെ കഥാകാരൻ ടി. പത്മനാഭൻ വിഡിയോ കോൺഫറൻസിങ്ങിലൂടെ മത്സരാർഥികളെ അഭിസംബോധന ചെയ്തു. മലയാളം അമ്മയുടെ മുലപ്പാൽ പോലെ നമ്മിലെക്കെത്തുന്നതാണെന്നും അത് എന്നെന്നും നമ്മുടെ വളർച്ചയുടെ അടിസ്ഥാനമാണെന്നും ടി. പത്മനാഭൻ പറഞ്ഞു.
പ്രാഥമിക മത്സരങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ആറു ടീമുകള്‍ വീതമാണ് സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഫൈനലില്‍ എത്തിയത്. ജൂനിയർ വിഭാഗത്തിൽ ദാർസൈത്തിലെ പി.വി. ചിത്ര, ആയിഷ ദാവൂദ്, അനുശ്രീ ടീം ഒന്നാം സ്ഥാനം നേടി. പവിത്രനായർ, രേഷ്മ രാജ് മോഹൻ, എസ്.ഭാവേഷ് (അൽ ഗൂബ്ര), ശ്രുതി സുധീഷ്, നന്ദന.എം.മേനോൻ, ഗൗരി പ്രവീൺ രാജ് (ദാർസൈത്ത്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയര്‍ വിഭാഗത്തിൽ നിരഞ്ജൻ ജിതീഷ്, മാളവിക ശിവപ്രസാദ്, ലക്ഷ്മി.എച്ച്.സജീവ് (അൽ ഗൂബ്ര) ടീമാണ് ഒന്നാമതെത്തിയത്. ആതിര ഉണ്ണി, കെ.പ്രവീണ, മുഹമ്മദ് സിനാൽ (അൽ മബേല), ആദിൽ ഷറഫുദ്ദീൻ, ദേവിക മോഹനൻ, ഹനീൻ മുഹമ്മദ് (ദാർസൈത്ത്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികള്‍ക്ക് നാരായണൻ കാവുമ്പായി പ്രശസ്തി പത്രവും ഫലകവും വിതരണം ചെയ്തു. നാരായണൻ കാവുമ്പായിക്ക് കേരള വിഭാഗത്തിെൻറ ഉപഹാരം ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം ആശംസകൾ നേർന്നു.