മസ്കത്ത്: ദേശീയദിനത്തിെൻറയും നബിദിനത്തിെൻറയും ഭാഗമായുള്ള പൊതുഅവധി ചൊവ്വാ ഴ്ച മുതൽ ആരംഭിക്കും. മൂന്നു ദിവസത്തെ അവധിയാണ് ഉള്ളത്. രണ്ടുദിവസത്തെ വാരാന്ത്യഅവധി കൂടി ചേർത്ത് അഞ്ചുദിവസത്തെ അവധിയാണ് ലഭിക്കുക. ഇന്നലെ പ്രവൃത്തിദിനമായിരുന്നെങ്കിലും പല ഒാഫിസുകളിലും സ്ഥാപനങ്ങളിലും ആളുകൾ കുറവായിരുന്നു. പല സ്വദേശികളും വിദേശികളും ഞായർ, തിങ്കൾ ദിവസങ്ങളിലും അവധിയെടുത്ത് മൊത്തം ഒമ്പതുദിവസത്തെ അവധി ആഘോഷിക്കുകയാണ്. നീണ്ട അവധിക്കായി മസ്കത്തിലും മറ്റു നഗരങ്ങളിലും ജോലിയെടുക്കുന്നവർ ഗ്രാമങ്ങളിലെ വീടുകളിലേക്ക് പോയി. മലയാളികൾ അടക്കം പല ഇന്ത്യക്കാരും നാട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാനും പോയിട്ടുണ്ട്.
വിവിധ ഗവർണറേറ്റുകളിൽ ദേശീയദിന ആഘോഷങ്ങൾ തുടരുകയാണ്. പലയിടങ്ങളിൽ സുൽത്താന് െഎക്യദാർഢ്യം പ്രഖ്യാപിച്ചും ആശംസകൾ അർപ്പിച്ചും സ്വദേശികളുടെ വർണാഭമായ ദേശീയദിന റാലികൾ നടന്നു. മലയാളി കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിലും സ്ഥാപനങ്ങളിലും പായസ, മധുര പലഹാര വിതരണങ്ങളും നടത്തി. നിസ്വ ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ എസ്.എം.സി പ്രസിഡൻറ് ഫസലുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.